ചിലര്‍ക്ക് മരണമില്ല. ഇഹലോകത്തിലെ ഹ്രസ്വമായ ഒരു കാലയളവല്ല അവരുടെ ജീവിതത്തിന്റെ മഹത്വം നിശ്ചയിക്കുന്നത്. നേവിസ് മാത്യുവെന്ന ചെറുപ്പക്കാരന്റെ ജീവിതം നമ്മോട് പറയുന്നതും അതാണ്. 25 ാം വയസില്‍ അപ്രതീക്ഷിതമായി മസ്തിഷ്‌ക്കരമണത്തിലൂടെ നേവീസ് ഈ ലോകത്തില്‍ നിന്ന് വിട്ടുപോയെങ്കിലും ഭൂമിയില്‍ ഇനിയും ഏറെക്കാലം ജീവിച്ചിരിക്കാന്‍ ഏഴുപേര്‍ക്ക് അവസരം നല്കിയിരിക്കുന്നു.
മരണാനന്തരമുള്ള അവയവദാനത്തില്‍ അങ്ങനെ പുതുചരിത്രമാണ് നേവിസ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഹൃദയം, കരള്‍, വൃക്ക, കൈകള്‍, നേത്രപടലങ്ങള്‍ എന്നിവയാണ് ഏഴുപേര്‍ക്കായി നേവീസ് സമ്മാനിച്ചിരിക്കുന്നത്. ഇനി അവരിലൂടെ നേവിസ് ലോകത്തെ കാണുകയും ലോകത്തെ അനുഭവിക്കുകയും ചെയ്യും. അതുല്യമായ അവയവദാനമാണ് ഇതെന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. മകന്റെ മരണം ഏല്പിച്ച ആഘാതത്തിലും പരസ്‌നേഹത്തിന്റെ ദീപം കൊളുത്തിയ നേവിസിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. പലരും തളര്‍ന്നുപോകുന്ന ഈ അവസരത്തിലും അവര്‍ പരസ്‌നേഹത്തിന്റെ മാതൃകകളായി മാറുകയായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥിച്ചു. സെന്റ് തോമസ് മലങ്കര കത്തോലിക്കാപള്ളിയില്‍ നടന്ന സംസ്‌കാരശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മ്മികനായിരുന്നു.