കൊല്‍ക്കൊത്ത: ബുധനാഴ്ച വിശുദ്ധ മദര്‍ തെരേസയുടെ 110 ാം ജന്മദിനമായിരുന്നു. പക്ഷേ പതിവുപോലെ മിഷനറിസ് ഓഫ് ചാരിറ്റി സഭാംഗങ്ങള്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചില്ല. തങ്ങളുടെ സമൂഹത്തിലെ ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു അത്.
വിശുദ്ധയുടെ ജന്മദിനംപ്രമാണിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ വര്‍ഷംതോറും കബറിടത്തില്‍ എത്തുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ പ്രൈവറ്റ് മാസിലും പ്രാര്‍ത്ഥനയിലും മാത്രമായി ആഘോഷം ഒതുക്കി. കൊല്‍ക്കൊത്ത അതിരൂപത വികാര്‍ ജനറല്‍ ഫാ. ഡൊമിനിസ് ഗോമസായിരുന്നു കാര്‍മ്മികന്‍.
കത്തോലിക്കര്‍ സാധാരണയായി വിശുദ്ധരുടെ മരണദിനമാണ് ആഘോഷിക്കാറുള്ളത്. പക്ഷേ മിഷനറിസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ തങ്ങളുടെ സന്യാസസമൂഹത്തിന്റെ സ്ഥാപക വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്. മദര്‍ ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെ.