ഓരോ ദിവസവും ആരംഭിക്കുമ്പോള്‍ നാം ദൈവത്തെ നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലേക്ക് ക്ഷണിക്കേണ്ടത് ആ ദിവസത്തിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് വളരെ അത്യാവശ്യമാണ്. ദൈവികവിചാരത്തോടെയായിരിക്കണം നാം പ്രഭാതത്തില്‍ ഉണരേണ്ടതും ദിവസം ആരംഭിക്കേണ്ടതും.
അന്നേ ദിവസം എന്തൊക്കെയാണ് സംഭവിക്കുകയെന്ന് നമുക്കറിയില്ല. അടുത്ത മണിക്കൂറുകള്‍ നമ്മെ സംബന്ധിച്ചിടത്തോളം അജ്ഞാതമാണ്. പക്ഷേ ദൈവത്തിന് അതേക്കുറിച്ച് കൃത്യമായ അറിവും പദ്ധതിയുമുണ്ട്. ആ പദ്ധതിക്ക് നമ്മെ തന്നെ സമര്‍പ്പിക്കുകയാണ് പ്രഭാതപ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം. നമ്മുടെ ചിന്തകളെയും വിചാരങ്ങളെയും പ്രവൃത്തികളെയും എല്ലാം നിയന്ത്രിക്കാനും ദൈവികേഷ്ടമനുസരിച്ച് മാത്രം പ്രവൃത്തിക്കാനുമുള്ള കൃപയ്ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. അതിനായി നമുക്ക് ഓരോ ദിവസവും പ്രഭാതത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാം:
കര്‍ത്താവായ ദൈവമേ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവേ, ഈ ദിവസം അങ്ങേ ഇഷ്ടമനുസരിച്ച് ജീവിക്കാന്‍ എന്നെ സഹായിക്കണമേ. ഞ്ങ്ങളുടെ ആത്മാവിനെയും ശരീരത്തെയും നിയന്ത്രിക്കുകയും അവയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്യണമേ. ഞങ്ങളുടെ ചിന്തകള്‍,വിചാരങ്ങള്‍, സംസാരങ്ങള്‍, പ്രവൃത്തികള്‍ എല്ലാം അങ്ങേ ഇഷ്ടം പോലെയാകട്ടെ. അങ്ങേ കല്പനകള് സ്നേഹത്തോടെ അനുസരിക്കാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ കൃപ അതിനായി എനിക്ക് നല്കണമേ.
ഓ ലോകരക്ഷിതാവേ, അങ്ങെന്നെ എല്ലാവിധ തിന്മകളില് നിന്നും കാത്തുരക്ഷിക്കണമേ. എന്നും എന്നേയ്ക്കും അങ്ങ് മാത്രം എന്റെ ജീവിതത്തില്‍ ഭരണം നടത്തണമേ. ഈ ദിവസത്തിന്റെ എല്ലാ നന്മകളും സ്വര്‍ഗ്ഗീയസന്തോഷവും അനുഭവിക്കാന്‍ എനിക്ക് ഇടയാക്കണമേ. ആമ്മേന്‍.