വത്തിക്കാന്‍ സിറ്റി: ഇത് അപമാനത്തിന്റെ നിമിഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ കത്തോലിക്കാസഭയില്‍ കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ബാലലൈംഗികപീഡനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിറ്റേന്നായിരുന്നു പാപ്പായുടെ ഈ പ്രതികരണം.
പൊതുദര്‍ശന വേളയില്‍ വച്ചായിരുന്നു പാപ്പ പ്രതികരണം രേഖപ്പെടുത്തിയത്. ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ സെക്ഷ്വല്‍ അബ്യൂസ് ഇന്‍ ദ ചര്‍ച്ചാണ് 2500 പേജുകളിലായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 1950 മുതല്‍ 2020 വരെയുള്ള നീണ്ടകാലയളവില്‍ ഫ്രാന്‍സിലെ വൈദികര്‍, ഡീക്കന്മാര്‍, സന്യാസികള്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ 216,000 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിനെക്കാള്‍ മൂന്നിരട്ടി ലൈംഗികദുരുപയോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും അതൊരിക്കലും വൈദികരോ സന്യസ്തരോ ചെയ്തിരിക്കുന്നതല്ല അല്മായര്‍ തന്നെയാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊതുദര്‍ശന വേളയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദംല്മിന സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിലെ നാലു ബിഷപ്പുമാരുമൊത്ത് പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇത്തരത്തിലുളള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മെത്രാന്മാരോടും സുപ്പീരിയേഴ്‌സിനോടും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാപ്പ അറിയിച്ചു. ഇരകളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത പാപ്പ ഈ ദുഷ്‌ക്കരമായ സമയങ്ങളില്‍ വിചാരണ നേരിടുന്ന വൈദികരോട് പിതൃസഹജമായ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്തു.