വത്തിക്കാന്‍ സിറ്റി: അയ്ക്കപ്പെടുന്നവരുടെ ദൗത്യം പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനമല്ലെന്നും മറിച്ച് ആളുകള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെയും എനിക്ക് യേശുവിനെ അറിയാം നിങ്ങളും അവനെ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതസാക്ഷ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഒക്ടോബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗമടങ്ങിയ വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സ്‌നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷത്തിന്റെ സ്വാദുള്ളജീവിതസാക്ഷ്യത്തിലൂടെ സുവിശേഷവല്‍ക്കരണത്തില്‍ ഏര്‍പ്പെടുവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നതാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം. ക്രിസ്തുവാണ് നിങ്ങളെ ചലിപ്പിക്കുന്നതും അവനാല്‍ നയിക്കപ്പെടുന്നതിനാലാണ് നിങ്ങള്‍ ഓരോ കാര്യവും ചെയ്യുന്നതും എങ്കില്‍ മറ്റുള്ളവര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാകും, നിങ്ങളുടെ ജീവിതസാക്ഷ്യം മറ്റുള്ളവരില്‍ അതിശയം ജനിപ്പിക്കുകയും ഇതെങ്ങനെയാണ് ഒരു വ്യക്തിക്ക് സാധ്യമാകുക എവിടെ നിന്നാണ് എല്ലാവരോടും ഇതുപോലെ പെരുമാറാനുള്ള സ്‌നേഹവും ആകര്‍ഷകത്വവും മനോഭാവവും വരുന്നത് എന്ന ചോദ്യം മറ്റുള്ളവരില്‍ ഉയര്‍ത്തുകയും ചെയ്യും.
ഓരോ ക്രൈസ്തവന്റെയും ജീവിതസാക്ഷ്യത്തിന് സുവിശേഷത്തിന്റെ രുചിയുണ്ടാകട്ടെ എന്നും പാപ്പ ആശംസിച്ചു.