മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിനെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിന് എതിരെയുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ മേലുള്ള പരാതികളില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ജാര്‍ഖണ്ഡ് ഭരണകൂടം. ഭാരതീയ ജനതാപാര്‍ട്ടിയാണ് ഇവിടെ ഭരണം നടത്തുന്നത്.

സന്യാസിനികള്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും അനാവശ്യകാര്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നുമാണ് ആരോപണം. ഈ സാഹചര്യത്തില്‍ സന്യാസസമൂഹത്തിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ബിജെപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ നിയമത്തിന് വിരുദ്ധമായി കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ 9.27 ബില്യന്‍ രൂപ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഈ പണമെല്ലാം ദരിദ്രരായ ഹിന്ദുക്കളെ മതപ്പരിവര്‍ത്തനം നടത്താന്‍ വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.

എന്നാല്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ചതും വാസ്തവവിരുദ്ധവുമായ കാര്യമാണ് ഇതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിതാ കുമാര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് കിട്ടിയ ചില്ലിക്കാശു പോലും കൃത്യമായ കണക്കില്‍ പെടുത്തിയിട്ടുണ്ടെന്നും വഴിവിട്ട് ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും സുനിത വ്യക്തമാക്കി.

കോണ്‍ഗ്രിഗേഷന്‍ ഒരോ മൂന്നു മാസവും കൃത്യമായ രീതിയില്‍ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കാറുണ്ടെന്നും കാലതാമസം കൂടാതെ വര്‍ഷം തോറും ആനുവല്‍ റിട്ടേണ്‍സ് സമര്‍പ്പിക്കാറുണ്ടെന്നും കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ പറഞ്ഞു. അന്വേഷണം നടത്താനുള്ള തീരുമാനത്തില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത ആവശ്യമുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാരിന് അത് നേരിട്ട് ചോദിക്കാമായിരുന്നു. അന്വേഷണം ഒഴിവാക്കാമായിരുന്നു. ആര്‍ച്ച് ബിഷപ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.