ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രതിഷേധാര്‍ഹം: സീറോ മലബാര്‍ സഭ

കൊച്ചി: പതിനൊന്നാം ശമ്പള കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നല്കിയ ശിപാര്‍ശകളില്‍ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനത്തെ തകര്‍ക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.

എയ്ഡഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിടുന്നതോ അതിനായിപ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബ്ഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,കണ്‍വീനറര്‍ ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗം വ്യക്തമാക്കി. ഭരണഘടന 29,30 അനുഛേദങ്ങള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നല്കിയിരിക്കുന്നത് അവരുടെ തനതായ സംസ്‌കാരവും പാരമ്പര്യവും ആചാരരീതികളും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും അങ്ങനെ അവ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ്. അതിനാല്‍ തന്നെ അധ്യാപകരുടെയും ഇതരജീവനക്കാരുടെയും നിയമനത്തില്‍ മാനേജ്‌മെന്റിന്‌റെ അവകാശഅധികാരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തിയുക്തം എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

യോഗത്തില്‍കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളില്‍ നിന്ന് വൈദികരടക്കമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ തുടര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി പ്രതിഷേധ നടപടികള്‍ സ്വീകരിക്കാനും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും ആനൂകൂല്യങ്ങള്‍ സംബന്ധിച്ചും സഭാംഗങ്ങളില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്താനും യോഗം തീരുമാനിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.