മെഡിക്കൽ ഡോക്‌ടേഴ്‌സ് ഫോറം’: നവംബർ 2 – ന് ലെസ്റ്ററിൽ



ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നാലാം പ്രവർത്തനവർഷത്തിൽ, രൂപത നേതൃത്വം നൽകി സംഘടിപ്പിക്കുന്ന ‘മെഡിക്കൽ ഡോക്‌ടേഴ്‌സ് ഫോറം’ ശ്രദ്ധ നേടുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ ആശുപത്രികളിൽ ശുശ്രുഷ ചെയ്യുന്ന സീറോ മലബാർ വിശ്വാസപരമ്പര്യത്തിലുള്ള ഡോക്ടർമാരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നവംബർ 2 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിൽ വച്ചാണ് യോഗം നടക്കുന്നത്.

ജോലിസ്ഥലങ്ങളിൽ മതവിശ്വാസം നേരിടുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലും മൂല്യാധിഷ്‌ഠിത-ധാർമ്മിക പ്രവർത്തന രംഗങ്ങൾ ഉറപ്പുവരുത്താൻ ഇപ്പോഴത്തെ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന വിലയിരുത്തലിലുമാണ് ‘മെഡിക്കൽ ഡോക്‌ടേഴ്‌സ് ഫോറം’ പ്രസക്തമാകുന്നത്. ജീവൻ രക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വിശ്വാസത്തിലും ധാർമ്മികതയിലും അടിയുറച്ച ബോധ്യങ്ങളും ദൈവദാനമായ ജീവന്റെ സംരക്ഷണത്തിൽ പുലർത്തേണ്ട നിതാന്ത ജാഗ്രതാബോധവും വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യമാണ് ഫോറത്തിനുള്ളത്. 

ആശയതലത്തിലും പ്രായോഗികതലത്തിലും ആവിഷ്കരിക്കേണ്ട ധാർമ്മികത ചർച്ച ചെയ്യുന്ന ഈ ഏകദിന സെമിനാറിൽ റോയൽ കോളേജിലെ ഡോ. ഡേവിഡ് ക്രിക് ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യരക്ഷാധികാരിയായിരിക്കുന്ന ഫോറത്തിന് വെരി റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ് – ഗ്രേറ്റ് ബ്രിട്ടൺ രൂപത), വെരി റെവ. ഫാ. ജോർജ്ജ് ചേലക്കൽ, (സിഞ്ചെല്ലൂസ്, ഗ്രേറ്റ് ബ്രിട്ടൺ രൂപത), ഡോ. മാർട്ടിൻ ആൻ്റണി, ഡോ. മനോ ജോസഫ്, ഡോ. മിനി നെൽസൺ തുടങ്ങിയവർ വിവിധ രംഗങ്ങളിൽ നേതൃത്വം നൽകും.

രാവിലെ 9: 30 ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 4. 30 ന്  സമാപിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.