ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആത്‌മീയആഘോഷമായ വാൽസിങ്ങം തീർത്ഥാടനത്തിന്റെ മൂന്നാം വർഷത്തെ മരിയോത്സവത്തിൽ ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതം നയിക്കുന്നവർക്ക് സഹായകരമായ ഉപദേശങ്ങളും തിരുന്നാൾ സന്ദേശത്തിലൂടെ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കുവച്ചു. കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയുമായ പരി. അമ്മയെ നമ്മുടെ ഭവനങ്ങളിൽ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.
ജീവിതമെന്ന തീർത്ഥാടനത്തിൽ സഹനങ്ങളും,ത്യാഗവും,സമർപ്പണവും അനിവാര്യമാണെന്നും സ്വർഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉൾക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ഏറ്റവും വലിയ മധ്യസ്ഥശക്തിയായ പരി. മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തർക്ക് പ്രത്യേക അനുഗ്രഹങ്ങൾ പ്രാപ്യമാകട്ടെയെന്നും പിതാവ് ആശംശിച്ചു. രൂപതയുടെ അഭൂതപൂർവ്വമായ വളർച്ചയും, വിജയങ്ങളും പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്നും, ഈ വർഷത്തെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മാതാവിന് സമർപ്പിക്കുകയാണെന്നും പിതാവ് പറഞ്ഞു.