വിവാഹം എന്ന കൂദാശയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിത ശൈലി പാശ്ചാത്യനാടുകളില്‍ വ്യാപകമാണ്. ഇതിന്റെ സ്വാധീനം വിദേശങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളിലും പ്രകടമാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് അവിവാഹിതരോ അല്ലെങ്കില്‍ വിവാഹം കൂടാതെയുളള സഹവാസം-ലിവിംങ് ടുഗെദര്‍- ശൈലിയിലോ ജീവിക്കുന്ന, ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്ന അനേകം യുവജനങ്ങള്‍ നമുക്കിടയില്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
പുതിയ ഇത്തരം പരിഷ്ക്കാരങ്ങള്‍ ഈ യുവജനങ്ങളുടെ മാതാപിതാക്കളില്‍ ഏല്പിക്കുന്ന സങ്കടവും നിരാശയും വളരെ വലുതാണ്. പരമ്പരാഗതമായ കുടുംബജീവിതശൈലിയില് നിന്ന് മാറിനില്ക്കാന് തീരുമാനമെടുത്തിരിക്കുന്ന മക്കളെയോര്‍ത്ത് വിഷമിക്കുകയും പരിഹാരത്തിന് വേണ്ടി ധ്യാനഗുരുക്കന്മാരെയും മറ്റും സമീപിക്കുകയും ചെയ്യുന്നവര്‍ ഇന്ന് കുറവൊന്നുമല്ല.
ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കേണ്ടതായ ഒരു തിരുവചനമുണ്ട്. ആ വചനം ചുവടെ കൊടുക്കുന്നു.
വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്കുവിന്. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്.( ജെറമിയ 29:6)
വിവാഹം കഴിഞ്ഞ് വര്‍ഷം പലതുകഴിഞ്ഞിട്ടും കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന ദമ്പതിമാരും ഈ വചനം പറഞ്ഞുപ്രാര്ത്ഥിക്കണം. കൂടാതെ വിവാഹത്തിന് സന്നദ്ധരായിട്ടും പലവിധ കാരണങ്ങളാല്‍ വിവാഹം നടക്കാതെ പോകുന്നതില്വിഷമിക്കുന്നവരും അവരുടെ മാതാപിതാക്കളും ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കണം.
വിവാഹം ഒരു ചടങ്ങല്ല, സാമ്പ്രദായികമായ ഏര്‍പ്പാടല്ല, ഇക്കാര്യം നാം കുടുംബങ്ങളില്‍ ചെറുപ്പം മുതല്ക്കേ മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനും തയ്യാറാകണം. അത് ഒരു കൂദാശയാണെന്നും ക്രൈസ്തവജീവിതത്തില്‍ ഇത് പ്രധാനപ്പെട്ട ഒരു ജീവിതാവസ്ഥയാണെന്നുമുള്ള ബോധ്യം മക്കള്‍ക്കു കൊടുക്കുകയും നല്ലൊരു കുടുംബജീവിതം നയിക്കാന്‍ കഴിയത്തക്കവിധത്തില്‍ അവര്‍ക്ക് പരിശീലനം നല്‍കുകയും നല്ല മാതൃകാകുടുംബജീവിതം നയിച്ച് മക്കളെ പ്രചോദിപ്പിക്കുകയും വേണം.