ബോക്‌സര്‍ ജീവിതത്തോട് വിട പറഞ്ഞ് വൈദികനായി മാറിയ ഫാ. സ്റ്റുവിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് പ്രസ്തുത വൈദികനാകുന്നു. വൈദികന്റെ പിതാവായി വേഷമിടുന്നത് മെല്‍ ഗിബ്‌സണാണ്. സോണി പിക്‌ച്ചേഴ്‌സ് വിതരണത്തിനെടുത്ത ഈ ചിത്രം 2022 ഏപ്രില്‍ 15 ന് തീയറ്ററുകളിലെത്തും. ദു:ഖവെള്ളിയാഴ്ചയാണ് ഏപ്രില്‍ 15.
ബോക്‌സര്‍, നടന്‍, അധ്യാപകന്‍, മ്യൂസിയംമാനേജര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്നു ഫാ. സ്റ്റു. അതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം ഒടുവില്‍ വൈദികനായത്. ഹോസ്പിറ്റലില്‍ കഴിയവെയുണ്ടായ ഒരു മതപരമായ അനുഭവമാണ് സ്റ്റുവാര്‍ട്ടിനെ കത്തോലിക്കാവിശ്വാസത്തിലേക്ക് അടുപ്പിച്ചത്.
മാമ്മോദീസാ വേളയിലാണ് പൗരോഹിത്യത്തിലേക്കുള്ള വിളി തിരിച്ചറിഞ്ഞത്. സെമിനാരി ജീവിതകാലത്ത് അദ്ദേഹം ട്യൂമര്‍ ബാധിതനാണെന്ന് കണ്ടെത്തി. മസില്‍ ക്ഷയവും ദൗര്‍ബല്യവും കാരണം ശരീരം തളരുകയും ചെയ്തു. പൗരോഹിത്യം സ്വീകരിക്കുമ്പോഴും ഇതേ അവസ്ഥയായിരുന്നു. 50 ാം വയസില്‍ 2014 ല്‍ ആയിരുന്നു അന്ത്യം.