വത്തിക്കാന്‍ സിറ്റി: മറ്റൊരാളെ പോലെയാകാന്‍ ദൈവം ഒരിക്കലും നമ്മോട് ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് മറ്റെയാളെ സ്‌നേഹിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
സഭയിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ചായിരുന്നു പാപ്പ സന്ദേശത്തില്‍ പ്രാധാന്യം നല്കിയത്. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കുറച്ച് പകരം കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്രോസും പൗലോസും വ്യത്യസ്തരായ വ്യക്തികളായിരുന്നു. പക്ഷേ അവര്‍ പരസ്പരം സഹോദരന്മാരായി കണ്ടു. അവര്‍ക്കിടയില്‍ എപ്പോഴും സ്‌നേഹമുണ്ടായിരുന്നു.
ഹെറോദോസിന്റെ മതപീഡനകാലത്തും അവര്‍ അയാളുടെ തിന്മയെയോ മതപീഡനങ്ങളെയോ കുറിച്ച് പരാതിപ്പെട്ടില്ല. പരാതികള്‍ ഒരു മാറ്റവുംവരുത്തുകയില്ല. ക്രൈസ്തവര്‍ പലപ്പോഴും പരാതിപ്പെട്ട് സമയം പാഴാക്കുകയാണ്. ലോകത്തെക്കുറിച്ച്…സമൂഹത്തെക്കുറിച്ച്.
പരാതിയുളളവരെക്കുറിച്ചു പരാതിപ്പെടാതെ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥന ചങ്ങലകള്‍ അഴിക്കുന്നു.പ്രാര്‍ത്ഥന ഐക്യത്തിലേക്കുള്ള വഴി തുറക്കുന്നു. പാപ്പ പറഞ്ഞു.