ഇറ്റലി: മാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ ഇന്നലെ ഇറ്റാലിയന്‍ പ്രസിഡന്റ് ലോറെറ്റോ ഭവനം സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് സമാധാനത്തിന് വേണ്ടി തിരി കൊളുത്തുകയും ചെയ്തു. വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്‌റ്റേറ്റ്‌സ് ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലാഗ്ഹര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇറ്റലിയിലെ ലോറെറ്റോ ഹൗസിലെ പ്രധാനപ്പെട്ട ആഘോഷമാണ് മാതാവിന്റെ പിറവിത്തിരുനാള്‍. മാതാവിനെ ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിച്ച നസ്രത്തിലെ ഭവനം മാലാഖമാര്‍ സംവഹിച്ച് ഇവിടെയെത്തിച്ചതാണ് ഈ ഭവനമെന്നാണ് വിശ്വാസം. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയില്‍ ഈ ഭവനമുണ്ട്.
മിലാന്‍ കത്തീഡ്രലില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലിയിലും ഏതാനും ദിവസം മുമ്പ് ഇറ്റാലിയന്‍ പ്രസിഡന്റ് പങ്കെടുത്തിരുന്നു.
ലോറെറ്റോ ഭവനത്തില്‍ നിന്ന് കോവിഡ് കാലത്ത് മുഴുവന്‍ ജപമാല ലൈവ്‌സ്ട്രീമംങ് ചെയ്തിരുന്നു. പൈലറ്റുമാരുടെയും വിമാനയാത്രക്കാരുടെയും മാധ്യസ്ഥയായി ലോറെറ്റോ മാതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ .
1920 ല്‍ പോപ്പ് ബെനഡിക്ട് പതിനഞ്ചാമനാണ് ഔര്‍ ലേഡി ഓഫ് ലോറെറ്റോയെ വൈമാനികരുടെ മാധ്യസ്ഥയായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം സമാപിക്കേണ്ട ജൂബിലി ആഘോഷങ്ങള്‍ കോവിഡിന്റെ സാഹചര്യത്തില്‍ അടുത്തവര്‍ഷം വരെ നീട്ടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കിയിരുന്നു.