ജെറുസലേം: ലോക്ക് ഡൗണ്‍ ഏല്പിച്ച മരവിപ്പുകള്‍ക്ക് ശേഷം ജെറുസലേം വിനോദസഞ്ചാരികള്‍ക്കും വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു. ലോകവ്യാപകമായ കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്ന ജെറുസേലമിലെ വിനോദസഞ്ചാര-തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മാര്‍ച്ച് ഒന്നിനാണ് തുറന്നുകൊടുത്തത്.
2021 ലെ ക്രിസ്തുമസ് വാരത്തോടെ ജനജീവിതം സാധാരണഗതിയിലാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഒമിക്രോണ്‍ വീണ്ടും കാര്യങ്ങള്‍ വഷളാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ മാര്‍ച്ച് വരെ നീണ്ടത്. ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്ക പിസബല്ല പുതിയ തീരുമാനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു, വീണ്ടും ആരംഭിക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും പഴയതുപോലെ ജീവിതം ആയിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാസ്ക്ക് ധരിക്കല്‍, വാക്സിനേഷന് എന്നിവ സന്ദര്‍ശകര്‍ക്ക് ബാധകമാണ്. പൊതുവാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.
വിനോദസഞ്ചാരത്തെ മാത്രം ആസ്പദമാക്കി മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന ജെറുസലേമിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഈ പുതിയ തുടക്കം ആശ്വാസകരമായിരിക്കും. റൊമാനിയായില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യം ഇവിടെയെത്തിയത്.