ഭൂവനേശ്വര്‍: ലോക്ക് ഡൗണ്‍ നിയമം തെറ്റിച്ചുവെന്നും കോവിഡ് 19 പരത്തുവെന്നും വ്യാജ ആരോപണം ഉന്നയിച്ച് കത്തോലിക്കാ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 17 നാണ്സംഭവം നടന്നത്. ബീമാപ്പൂര് രൂപതയിലെ മോഹന ഇടവകയിലെ സഹവികാരി. ഫാ. ധീരെന്‍ നായക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ നിന്ന് തന്റെ താമസസ്ഥലത്തേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോയ വൈദികനെയാണ് ലോക്ക് ഡൗണ്‍ നിയമം തെറ്റിച്ചുവെന്ന് ആരോപിച്ച് രണ്ടുപോലീസുകാര്‍ പള്ളിമുറ്റത്തേക്ക് പ്രവേശിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. 15 മീറ്റര്‍ അകലമേ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ളൂവെന്നും ഇത് തങ്ങലുടെ തന്നെ കാമ്പസാണെന്നും പുറത്തുനിന്നല്ല താന്‍ വന്നതെന്നും വൈദികന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ അത് സമ്മതിച്ചുകൊടുത്തില്ല.
ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു ഉന്നതപോലീസുദ്യോഗസ്ഥന്‍ സുജിത് കുമാര്‍ നായ്ക്കിന്റെ പ്രതികരണം. 12.30 ന് സ്റ്റേഷനിലെത്തിച്ച വൈദികനെ മൂന്നുമണിക്കൂറോളം പുറത്തുനിര്‍ത്തി.
ലോക്ക് ഡൗണ്‍ നിയമം തെറ്റിച്ചു എന്ന് കേസ് ചാര്‍ജ് ചെയ്ത് ഒപ്പ് ഇടുവിച്ചതിന് ശേഷമാണ് വിട്ടയച്ചത്.
മോഹന ഇടവകയില്‍ എണ്ണായിരത്തോളം കത്തോലിക്കരുണ്ട്. 2019 ജനുവരി 24 നാണ് ഫാ. ധീരെന്‍ നായക് അഭിഷിക്തനായത്.
വൈദികന്റെ അന്യായമായ അറസ്റ്റ് ഇവിടെയുള്ള ക്രൈസ്തവരെ ഭയചകിതരാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടിന് വെളിയിലിറങ്ങി വെള്ളം കോരാന്‍ പോലും തുടര്‍ന്ന് തങ്ങള്‍ക്ക് ഭയമാണെന്ന് ചില വീട്ടമ്മമാര്‍ പറയുന്നു.