മാതാവ് പറഞ്ഞ ഈ മൂന്നുകാര്യങ്ങള്‍ നോമ്പുകാലത്ത് അനുഷ്ഠിക്കൂ, ജീവിതം അനുഗ്രഹദായകമാകും

നോമ്പുകാലം ഫലദായകമാകാന്‍ ഓരോ വിശ്വാസിയും ഓരോ രീതികളാണ് അനുവര്‍ത്തിക്കുന്നത്. ചിലര്‍ അനുദിനം കുരിശിന്റെ വഴി ചൊല്ലും. മറ്റ് ചിലര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും, ഉപവസിക്കും. വേറെ ചിലര്‍ ജപമാല കൂടുതലായി ചൊല്ലും. എല്ലാം നല്ലതാണ്.

എങ്കിലും നോമ്പുകാലത്ത് മാതാവിന്റെ കൂട്ടുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതും മാതാവ് പറയുന്നതുപോലെ ചെയ്യുന്നതും ഏറെ ഗുണകരമാണ്, ആത്മീയജീവിതത്തിലും ഭൗതികജീവിതത്തിലും. കാരണം ഈശോയുടെ പീഡാസഹനവേളയില്‍ കൂടെയുണ്ടായിരുന്നവളാണ് പരിശുദ്ധ മറിയം. ഈശോയുടെ വേദനയിലും വീഴ്ചയിലും സാക്ഷിയായിരുന്നവള്‍.

അതുകൊണ്ടുതന്നെ മാതാവിനോട് ചേര്‍ന്ന് നോമ്പുകാലം ആചരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക, ദാനധര്‍മ്മം നടത്തുക.. നോമ്പുകാലത്തിന്‌റെ മൂന്നു തൂണുകളാണ് ഇവ.

പരിശുദ്ധ കന്യാമറിയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ആവര്‍ത്തിച്ചുവ്യക്തമാക്കിയതും ഇതുതന്നെയായിരുന്നു.

ബെല്‍ജിയത്തെ ഒരു ഗ്രാമത്തില്‍ അഞ്ചുകുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രം.പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക.

ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞത് ലോകസമാധാനത്തിന് വേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നു, പ്രാര്‍ത്ഥനയുടെ വിവിധരീതികളും മാധ്യസ്ഥപ്രാര്‍ത്ഥനയുടെ ആവശ്യകതയുമാണ് മാതാവ് ഇതിലൂടെയെല്ലാം വ്യക്തമാക്കിയത്.

ലൂര്‍ദില്‍ വിശുദ്ധ ബെര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവ് ആവശ്യപ്പെട്ടത് ഉപവസിക്കാനായിരുന്നു, മാതാവ് പ്രത്യക്ഷപ്പെട്ടതെല്ലാം ദരിദ്രര്‍ക്കായിരുന്നു. ഇത് ദരിദ്രരോടുള്ള മാതാവിന്റെ പ്രത്യേക സ്‌നേഹവും പരിഗണനയും വ്യക്തമാക്കുന്നതായിരുന്നു.

ബെല്‍ജിയത്ത് 1933 ല്‍ പ്രത്യക്ഷപ്പെട്ട മാതാവ് മാരിയറ്റെയോട് തന്നെ വിശേഷിപ്പിച്ചത് ദരിദ്രരുടെ കന്യക എന്നായിരുന്നു. ദരിദ്രരെ മാതാവ് എത്രത്തോളം സ്‌നേഹിക്കുന്നുവെന്നതിന് അടയാളമാണ് ഇത്.

അതുകൊണ്ട് നമുക്ക് നോമ്പുകാലത്ത് കൂടുതലായി പ്രാര്‍ത്ഥിക്കാം. ഉപവസിക്കാം.. ദരിദ്രരെ സഹായിക്കുകയുമാകാം. മാതാവ് പറഞ്ഞ ഈ മൂന്നുകാര്യങ്ങള്‍ അനുസരിക്കുന്നതിലൂടെ നമ്മുടെ നോമ്പുകാലം കൂടുതല്‍ ഫലദായകമാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.