തിരിച്ചറിവിലേക്കൊരു തീർത്ഥയാത്ര

വിശുദ്ധമായ ഒരു നോമ്പുകാലത്തിലേക്ക്‌ വീണ്ടും നാം പ്രവേശിക്കുകയാണ്‌. എന്താണ്‌ ഈ നോമ്പുകാലമെന്ന്‌ (തപസുകാലം) വിളിക്കുന്ന ഈ കുറച്ച്‌ ദിനങ്ങൾ എന്നൊക്കെ കൃത്യമായും വ്യക്തമായും അറിയുന്നവരാണ്‌ നാമോരുത്തരും. ആണ്ടുതോറും ആവർത്തിക്കപ്പെടുന്നതും വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ടതുമായ അനേക കാര്യങ്ങളിൽ തപസുകാലം വളരെ പ്രാധാന്യമേറിയതാണ്‌. ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിന്‌ മുൻപ്‌ പരിശുദ്ധാത്മാവാൽ നയിക്കപ്പെട്ട്‌ മരുഭൂമിയിൽ നാൽപത്‌ ദിനരാത്രങ്ങൾ കഴിഞ്ഞതിനെ പ്രത്യേകമായ വിധം ധ്യാനിക്കുന്ന ദിനങ്ങളും അവന്റെ പീഡാസഹനവും മരണവും ഉത്ഥാനവും എല്ലാം ഇഴചേർന്ന പ്രാർത്ഥനയുടെ പുണ്യദിനങ്ങളാണീ നോമ്പുകാലത്തിലൂടെ ആത്മീയതയിൽ വളരുന്നതിനായി നാം ഏറ്റെടുക്കുന്നത്‌.

പ്രത്യേകമായ ഈ പ്രാർത്ഥനാ നാളുകളിൽ ആരാധക്കായിട്ടോ, വ്യക്തിപരമായ ധ്യാനത്തിനായിട്ടോ നാമെല്ലാവരും വായിക്കുന്ന ചില സുവിശേഷ ഭാഗങ്ങളുണ്ട്‌, അതിലൊന്നാണ്‌ ഈശോയുടെ മരുഭൂമിയിലെ പരീക്ഷ. സമാന്തര സുവിശേഷങ്ങളായ മത്തായിയും മർക്കോസും ലൂക്കായും ഇത്‌ പറയുന്നുണ്ട്‌. ഈശോയുടെ മരുഭൂമിയിലെ ജീവിതവും അതവസാനിക്കുമ്പോഴുള്ള കാര്യങ്ങളും മത്തായിയും ലൂക്കായും വിശദീകരിച്ചു പറയുന്നതിലൂടെത്തിച്ചേരുന്നത്‌ പൊതുവായ ഒരു കാര്യത്തിലേക്കാണ്‌. അതിലുള്ളത്‌ കൃത്യമായ ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ്‌. പ്രലോഭകൻ ഉയർത്തുന്ന മൂന്ന്‌ വെല്ലുവിളികളും (ചോദ്യങ്ങളും) അവയ്ക്ക്‌ ഈശോ നൽകുന്ന മറുപടികളും (ഉത്തരങ്ങളും) അത്തരത്തിൽ കാണാനാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌. മൂന്ന്‌ വെല്ലുവിളികളിലും (പ്രലോഭനങ്ങളിലും) അടങ്ങിയിരിക്കുന്ന അടിസ്ഥാനപരമായ ചോദ്യമൊന്നുതന്നെയാണ്‌. നീ ആരാണ്‌? ഈശോയുടെ ഉത്തരങ്ങൾ എന്തായിരുന്നു എന്ന്‌ ഈ വചന ഭാഗങ്ങൾ ഒന്ന്‌ മനസിരുത്തി വായിച്ചാൽ നമുക്ക്‌ തിരിച്ചറിയാനാകും.

തിരിച്ചറിവിലേക്കൊരു തീർത്ഥയാത്രയാണ്‌ ഓരോ തപസുകാലവും. എന്നാൽ ഈ തിരിച്ചറിവ്‌ ഓരോ നിമിഷവും നമ്മിൽ ഇല്ലാതാകുന്നതിന്റെ വാർത്തകളാണ്‌ നമ്മുടെതന്നെ ജീവിതത്തിലൂടെ നാം പുറത്തുവിടുന്നത്‌ എന്ന സത്യം നമുക്കൊപ്പം തന്നെയുണ്ട്‌. ഈശോയുടെ മുൻപിൽ അവൻ ആരാണെന്നും അവൻ എന്തിനാണ്‌ ഈ മണ്ണിലേക്ക്‌ മനുഷ്യരൂപത്തിൽ വന്നത്‌ എന്നീ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച്‌ യതൊരുവിധത്തിലുമുള്ള സംശയങ്ങളുമില്ലായിരുന്നു. അത്‌ തന്നെയാണ്‌ പ്രലോഭകനെ അതിജീവിക്കാൻ അവനെ സഹായിക്കുന്നത്‌. സാധാരണ ഗതിയിൽ ഏതൊരു മനുഷ്യനും പരാജയപ്പെടാൻ ഏറ്റവും സാധ്യതയുള്ള പരീക്ഷണങ്ങളുടെമേൽ വിജയം വരിക്കുന്ന ഈശോയുടെ വഴിയാണല്ലോ നമ്മളും പിന്തുടരേണ്ടത്‌. അക്കാരണത്താൽത്തന്നെ ഈശോ നേരിട്ട പ്രലോഭനങ്ങളുടേതിന്‌ സമാനമായ പ്രലോഭനങ്ങളാണ്‌ അവന്റെ ഒപ്പമെന്നവകാശപ്പെടുന്ന നമുക്കും നേരിടേണ്ടി വരിക എന്നത്‌ നിശ്ചയമാണ്‌. എന്നാൽ ഇക്കാലഘട്ടത്തിൽ, ഈശോയെപ്പോലെ പ്രലോഭകന്റെ മുൻപിൽ വിജയം നേടുന്നതിന്‌ പകരം പരാജിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്‌. തിരിച്ചറിവ്‌ നഷ്ടമാകുന്നതിനാൽ സംഭവിക്കുന്നതാണീ ദുരന്തം.

എസ്‌ ഹരീഷ്‌ എന്ന പ്രശസ്ത മലയാളം കഥാകാരൻ ഒരു ഓണപ്പതിപ്പിൽ എഴുതിയ ഒരു ചെറിയ ചിന്ത ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌ “എന്തിനാണ്‌ ജീവിക്കുന്നത്‌ എന്നറിയാതെ മരിച്ചുപോകുന്ന ഒരു ദുരന്ത കഥാപാത്രമാണ്‌ മനുഷ്യൻ. അനേകം കെട്ടുപാടുകൾ ഉണ്ടാക്കിവയ്ക്കുന്നു, എന്നിട്ട്‌ അതിനെ മറികടക്കാൻ ശ്രമിക്കുന്നു”. ഇത്‌ നമ്മിൽ മിക്കവരുടേയും ജീവിത യാഥാർത്ഥ്യമാണ്‌ എന്ന്‌ പറയുന്നതിൽ തെറ്റില്ല. എന്നാൽ ഈ യാഥാർത്ഥ്യവുമായി ഇങ്ങനെ മുൻപോട്ടു പോകുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌ എന്ന എപ്പോഴെങ്കിലുമൊക്കെ സ്വയം ചോദിക്കാൻ നമ്മൾ തയ്യാറാകണം, അത്‌ മാത്രമേ പുതിയൊരു ദിശാബോധം നമുക്ക്‌ തരികയുള്ളു.

സാധാരണ മനുഷ്യരായ നമ്മെക്കുറിച്ച്‌ എസ്‌ ഹരീഷ്‌ പറഞ്ഞതുപോലുള്ള ഒരു പരാമർശം ഉയരുമ്പോൾ ഈശോയെന്ന നമ്മുടെ മുൻപിലുള്ള രക്ഷകൻ ജീവിച്ചു കാണിച്ചുതന്ന മാതൃകയിലൂടെ ഒന്ന്‌ കടന്നുപോകുന്നത്‌ ഏറെ നല്ലതായിരിക്കും. ഈശോയ്ക്ക്‌ അവനെക്കുറിച്ച്‌ തന്നെയുണ്ടായിരുന്ന അറിവ്‌ വളരെ ഉന്നതമായിരുന്നു. അതിനാൽ ഈശോയുടെ മനുഷ്യജീവിതം മറ്റ്‌ മനുഷ്യരിൽ നിന്നേറെ വ്യത്യസ്ത നിറഞ്ഞതായിരുന്നു. ഈശോ സ്വയം തിരിച്ചറിഞ്ഞവനായിരുന്നതിനാൽ തിന്മകൾക്കും പ്രലോഭനങ്ങൾക്കും അവനെ ഒരിക്കലും ഒരു വിധത്തിലും സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ല. ആയതിനാൽ, എന്തിനാണ്‌ ജീവിക്കുന്നത്‌ എന്നറിയാതെ മരിച്ചുപോകുന്ന ഒരു ദുരന്ത കഥാപാത്രമാണ്‌ മനുഷ്യൻ എന്ന എഴുത്തുകാരന്റെ ആകുലത ഈശോയ്ക്ക്‌ ഒരിക്കലും ഒരു രീതിയിലും ബാധകമായിരുന്നില്ല. പക്ഷേ ഈശോയുടെ പിന്മുറക്കാരായ നമ്മിൽ ഇത്‌ നിലകൊള്ളുന്നു എന്ന വൈരുദ്ധ്യവും ഉണ്ട്‌. ഇത്‌ മാറ്റിയെടുക്കാൻ ഈ നോമ്പുകാലത്തിൽ നാം അനുഷ്ടിക്കുന്ന ആത്മീയ കാര്യങ്ങൾ സഹായകമാകേണ്ടതാണ്‌.

ഈശോയോട്‌ ചേർന്ന്‌ നിന്ന്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്താണെന്ന തിരിച്ചറിവ്‌ സ്വന്തമാക്കാനും കൂടുതൽ മെച്ചപ്പെട്ട ആത്മീയ ജീവിതം ആഗ്രഹിക്കുന്ന ക്രിസ്തുവിശ്വാസികൾക്ക്‌ ധാരാളം സാധ്യതകൾ തുറന്നുകിടപ്പുണ്ട്‌ അതിലൊന്നാണ്‌ ആണ്ടിലൊരിക്കൽ ലഭിക്കുന്ന ഈ നോമ്പുകാലം/തപസുകാലം എന്ന്‌ എന്റെ ഉള്ളം പറയുന്നു. ജോയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്‌ ഇപ്രകാരമാണ്‌: “കർത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്‌ വസ്ത്രമല്ല കീറേണ്ടത്‌, നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു മടങ്ങുവിൻ. എന്തെന്നാൽ, അവിടുന്ന്‌ ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്‌; ശിക്ഷ പിൻവലിക്കാൻ സദാ സന്ന ദ്ധനുമാണ്‌ അവിടുന്ന്‌ ”. (ജോയേൽ 2.12-13) വീണ്ടും പൗലോശ്ളീഹായിലൂടെ വചനം പറയുന്നു, “ഇതാ, ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോൾ രക്ഷയുടെ ദിവസം”. (2 കോറിന്തോസ്‌ 6:2)

മരുഭൂമിയിലെ പരീക്ഷയുടെ അവസാനം ലൂക്കാ സുവിശേഷകൻ ഒരു വചനം നമുക്കായി നൽകിയിട്ടുണ്ട്‌; “പിശാച്‌ പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്‌, നിശ്ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി” (ലൂക്കാ 4:13). അതായത്‌, എപ്പോൾ വേണമെങ്കിലും പ്രലോഭകൻ നമ്മുടെ മുൻപിലെത്താം, ഈശോ സ്വന്തമാക്കിയതുപോലുള്ള ആത്മീയ കരുത്ത്‌ നമ്മെ പ്രലോഭകനിൽ നിന്നും പ്രലോഭനത്തിൽ നിന്നും കരകയറ്റാൻ സഹായിക്കട്ടെ. നമ്മുടെ ഉള്ളിൽ ഈ തപസിൻ ദിനങ്ങളിൽ ഈ വചനം മായാതെ നിൽക്കട്ടെ. തിരുവചനത്തോട്‌ ചേർന്ന്‌ തിരിച്ചറിവ്‌ നിറഞ്ഞ ശരിയായ ആത്മീയ ജീവിതത്തിലേക്കൊരു തീർത്ഥയാത്ര നടത്താൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.