കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയില്‍ നോമ്പാരംഭിക്കുന്ന വിഭൂതി തിങ്കളാഴ്ചയായ നാളെ ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനമായി രൂപതയില്‍ ആചരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. യുക്രെയ്‌നിലെ യുദ്ധസാഹചര്യത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കും പഠനത്തിനും ജോലിക്കുമായി നമ്മുടെ നാട്ടില്‍നിന്നും അവിടെയെത്തിയിരിക്കുന്നവര്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകസമാധാനത്തിനായി പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് മാര്‍ ഫ്രാന്‍സീസ് പാപ്പ ആഹ്വാനം നല്‍കിയിരുന്നു.
യഥാര്‍ത്ഥ സമാധാനം ആസ്വദിക്കാനുള്ള ദൈവികാഹ്വാനം സ്വീകരിക്കുന്നതില്‍ നിന്നും ഒളിച്ചോടുമ്പോഴാണ് അധിനിവേശങ്ങളും അക്രമണങ്ങളുമുണ്ടാകുന്നത്. ആര്‍ത്തിയുള്ള മനസ്സിന് സംതൃപ്തിയുണ്ടാവില്ല. ദൈവഹിതം ആരായുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സമാധാനം ദൈവത്തിലാണ്. ദൈവഹിതാനുസരണം മുന്നേറുന്നതിനും ആത്മനവീകരണം നേടുന്നതിനും വലിയനോമ്പുകാലം സഹായകമാകണം. ത്യാഗത്തിലൂടെ ദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ സമാധാനം ആസ്വദിക്കുകയും അത് സഹജീവികളിലേയ്ക്ക് പകരുകയും ചെയ്യുന്നതിന് നോമ്പിന്റെ ചൈതന്യം പ്രയോജനപ്പെടണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.
ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത