ജോസഫ്; മനുഷ്യത്വത്തിന് കിട്ടിയ മഹത്വം

 മനുഷ്യന്‍ ഹാ സുന്ദരമായ പദം എന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ആലോചിച്ചുനോക്കുമ്പോള്‍ അത് ശരിയുമാണ്. ലോകത്തിലേക്കും വച്ചേറ്റവും സുന്ദരമായ പദങ്ങളിലൊന്നു തന്നെയാണ് മനുഷ്യന്‍.മനുഷ്യനെ സൃഷ്ടിയുടെ മകുടമായിട്ടാണ് സഭയും കാണുന്നത്. പ്രപഞ്ചസൃഷ്ടിയുടെ പൂര്‍ത്തീകരണത്തിന് ശേഷം അതിന്റെ അധിപനായി ദൈവത്തിന് താന്‍ സൃഷ്ടിച്ച ഏതൊരു ജന്തുവിനെയും നിയോഗിക്കാമായിരുന്നു.

പക്ഷേ ദൈവം മനുഷ്യനെയാണ് അതിനായി തിരഞ്ഞെടുത്തത്. മറ്റൊരു ജന്തുവിനും കൊടുക്കാത്ത തന്റെ സാദൃശ്യം അവന് കല്പിച്ചുകൊടുക്കുകയും ചെയ്തു. ദൈവത്തിന്റെ സാദൃശ്യം..ദൈവത്തിന്റെ ഛായ. അതാണ് മനുഷ്യന്‍. അതുകൊണ്ടുതന്നെ മനുഷ്യന് അവന്‍ വിചാരിക്കുന്നതിനെക്കാളും വലുപ്പമുണ്ട്. മഹത്വമുണ്ട്. ദൈവത്തെ നാം ആരും കണ്ടിട്ടില്ല എങ്കിലും ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന് മനുഷ്യരൂപം തന്നെയായിരുന്നു. അല്ലെങ്കില്‍ ദൈവം  മണ്ണിലേക്ക് അവതരിച്ചപ്പോള്‍ തിരഞ്ഞെടുത്ത രൂപം മനുഷ്യന്റേതായിരുന്നു. ഇതിലൂടെയെല്ലാം നാം മനസ്സിലാക്കുന്നത് മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥയെ ദൈവം എന്തുമാത്രം വിലമതിക്കുന്നു എന്നാണ്.  

മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥയെ ദൈവം എന്തുമാത്രം മാനിക്കുന്നു, ആദരിക്കുന്നു എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവായി നസ്രത്തിലെ ആ തച്ചനെ കാണാമെന്ന് തോന്നുന്നു. കാരണം തന്റെ പുത്രനെ ലോകത്തിലേക്ക് അയ്ക്കുമ്പോള്‍ അതേറ്റവും സുരക്ഷിതമായ കൈകളിലേക്കാണ് ദൈവം വച്ചുകൊടുത്തത്. ജോസഫിന്റെ കൈകളിലേക്ക്. ദൈവത്തെ കൈകളിലെടുക്കാന്‍ ഭാഗ്യം ലഭിച്ച മനുഷ്യന്‍. അതാണ് ജോസഫ്. മറിയം ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയായിരുന്നുവല്ലോ. അതുകൊണ്ടാണ് ഉ്ത്ഭവപാപം പോലുമില്ലാതെ അവള്‍ക്ക് ജന്മം നല്കാന്‍ ദൈവം തീരുമാനിച്ചത്. പക്ഷേ ജോസഫ് അങ്ങനെയായിരുന്നില്ല. സാധാരണ മനുഷ്യന്‍. എന്നിട്ടും ആ സാധാരണത്തത്തെ അസാധാരണമായി ജീവിച്ചുതീര്‍ക്കാന്‍ ദൈവം അയാള്‍ക്ക് പ്രത്യേകമായ കൃപ നല്കി. ദൈവം നല്കിയ ആ കൃപയെ അതിന്റെ പുണ്യപൂര്‍ണ്ണതയില്‍ അയാള്‍ ചെലവഴിക്കുകയും ചെയ്തു. സാധാരണക്കാരനായിരുന്നിട്ടും  എങ്ങനെയാണ് ദൈവത്തിന്റെ പ്രീതിയില്‍ വളര്‍ന്നുവരാന്‍ കഴിയുന്ന മനുഷ്യനായി മാറാന്‍ കഴിയുക എന്നതിനും ജോസഫ് തന്നെ ഉദാഹരണം. അതിജീവിക്കാന്‍ കഴിയാത്തവിധത്തിലുള്ള ഒരു പ്രലോഭനവും ദൈവം മനുഷ്യന് നല്കുന്നില്ല എന്ന തിരുവചനം ജോസഫിനെപോലെയുള്ള ഒരാളുടെ ജീവിതത്തോട് ചേര്‍ത്തുവച്ചുവേണം നാം വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടത്. ആരോഗ്യവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയിട്ടും അതൊന്നും ധൂര്‍ത്തടിക്കുകയോ അല്ലെങ്കില്‍ സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയോ  അടുത്ത തലമുറയ്ക്കുവേണ്ടി പ്രത്യുല്പാദനം നടത്തുകയോ ചെയ്യാതെ ദൈവത്തെപ്രതി ഷണ്ഡരാക്കപ്പെടുന്ന നമ്മുടെ കാലത്തെ വൈദികഗണത്തെ ഈ കുടുംബനാഥന്‍ നന്നായി സ്വാധീനിക്കുന്നുണ്ട്. ക്രിസ്തുവിനെ ജോസഫ് വളര്‍ത്തിയതുപോലെ ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നവര്‍. ജോസഫ്  ഉണ്ണീശോയെ കൈകളിലെടുത്തതുപോലെ നിത്യവും ബലിയര്‍പ്പണ വേളയില്‍ അപ്പമായ ക്രിസ്തുവിനെ കൈകളിലെടുക്കുന്നവര്‍. മാലാഖയെയും പുരോഹിതനെയും ഒരുമിച്ചുകണ്ടാല്‍ താനാദ്യം പുരോഹിതനെ വന്ദിക്കുമെന്ന്  അസ്സീസിയിലെ ആ നിസ്വന്‍ പറഞ്ഞത് വെറുതെയൊന്നുമല്ല.

സ്ത്രീകളില്‍ ജനിച്ചവരില്‍  സ്‌നാപകനെക്കാള്‍ വലിയൊരാളില്ലെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ  ക്രിസ്തുവിന് വഴിയൊരുക്കാന്‍ നിയോഗം ലഭിച്ച ആ സ്‌നാപകന് പോലും ഒരു പരിധിക്കപ്പുറം ക്രിസ്തുവിന്റെ  ജീവിതത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നോര്‍ക്കണം. പക്ഷേ ജോസഫ് ഒരു തണല്‍മരമായി ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ പൂര്‍ണ്ണതയില്‍ ശാഖകള്‍ പരത്തി നിന്നു.ക്രിസ്തുവിന്റെ മനുഷ്യാവതാരം അതിന്റെ പൂര്‍ണ്ണതയില്‍  തിളങ്ങിനിന്നത് ജോസഫിനോടുള്ള മുപ്പതുവര്‍ഷക്കാലത്തെ അനുഭവങ്ങളില്‍ നിന്നായിരുന്നു. ദൈവത്തെ മനുഷ്യന്‍ പഠിപ്പിച്ച പാഠങ്ങളായിരുന്നു  ജോസഫ് ക്രിസ്തുവിന് പകര്‍ന്നുനല്കിയത്.മനുഷ്യന്റെ സംഘര്‍ഷങ്ങളും സംത്രാസങ്ങളും വിഹ്വലതകളും വിഭ്രാന്തികളും കണ്ണീരും കാമനകളും സ്വാര്‍ത്ഥതയും സാഹോദര്യവും പുഞ്ചിരിയും അദ്ധ്വാനവും എല്ലാം ക്രിസ്തു മനസ്സിലാക്കിയത് നസ്രത്തിലെ ആ കുടുംബത്തില്‍ നിന്നായിരുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന സ്വര്‍ഗ്ഗീയ ത്രീത്വത്തിന്റെ ഭൂമിയിലെ പതിപ്പായിരുന്നു നസ്രത്തിലെ ആ കുടുംബം. ക്രിസ്തു, ജോസഫ്,മറിയം. മൂന്നുപേര്‍ ഒന്നാകുന്നു. നമ്മുടെ കുടുംബങ്ങള്‍ക്കെല്ലാം തിരുക്കുടുംബം അനുകരണീയമായ മാതൃകയാകുന്നത് ഇങ്ങനെയാണെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. അവിടെ എല്ലാവരും ഒന്നാകുന്നു, എന്റേത് നിന്റേത് എന്നോ നീയും ഞാനും എന്നോ ഭേദമില്ലാത്തവിധമുള്ള അദ്വൈതത്തിന്റെ പൂര്‍ണ്ണത.
ദൈവപുത്രനായിരുന്നിട്ടും ഈ വളര്‍ത്തച്ഛനെ അനുസരിക്കാനും വിധേയപ്പെടാനും ക്രിസ്തു തയ്യാറായതും ജോസഫിന്റെ മനുഷ്യത്വത്തിന് കിട്ടിയ ആദരവ് തന്നെയായിരുന്നു.
 

ക്രിസ്തുവിന് പിറക്കാന്‍ മറിയത്തിന്റെ ഗര്‍ഭഗൃഹം തിരഞ്ഞെടുത്ത ദൈവം  ഗര്‍ഭസ്ഥ ശിശുവിന്റെ കാവലാളാകാന്‍ ജോസഫിനെയാണ്  തിരഞ്ഞെടുത്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പുകള്‍ ഒരിക്കലും പാഴായിപ്പോകുകയില്ലെന്ന വലിയൊരു തിരിച്ചറിവുകൂടി  ഇവിടെ നാം ഓര്‍മ്മിക്കേണ്ടതുണ്ട്.  കുടുംബം എന്ന വ്യവസ്ഥയെക്കുറിച്ച് ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാവാം. ചേരേണ്ടതുതന്നെയാണോ ചേര്‍ന്നിരിക്കുന്നതെന്ന മട്ടില്‍. കാരണം  ഒരുപാട് കുറവുകള്‍.. ചേര്‍ച്ചയില്ലാത്തവിധം അനേകം വിടവുകള്‍.  എന്നിട്ടും എന്തിന്റെയൊക്കെയോ പേരില്‍ കുടുംബം എന്ന മട്ടില്‍ ജീവിച്ചുപോകുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കും ജോസഫ് പ്രചോദനമാകുന്നുണ്ട്. പ്രശ്‌നങ്ങളില്ലാത്തവിധമുള്ള കുടുംബമായിരുന്നില്ല നസ്രത്തിലേത്.

പക്ഷേ അത് വ്യക്തികള്‍ തമ്മിലുള്ള ആശയപ്പൊരുത്തമില്ലായ്മ അല്ലായിരുന്നുവെന്നു മാത്രം. അനാദരവോ വെറുപ്പോ  പകയോ വിദ്വേഷമോ ആയിരുന്നില്ലെന്ന് മാത്രം. പ്രശ്‌നങ്ങളെ ദൈവത്തിലേക്ക് സമര്‍പ്പിച്ച് ശാന്തരാകാനും പരസ്പരം ആശ്വാസമേകാനുമുള്ള ആത്മീയതയാണ് ദമ്പതികള്‍ക്കുണ്ടാവേണ്ടത്. ജോസഫും മറിയവും അത്തരമൊരു ആത്മീയത സ്വന്തമാക്കിയ ദമ്പതികളായിരുന്നു.

  ദൈവത്തിന് പോലും മനുഷ്യന്റെ സഹായം ആവശ്യമുണ്ടെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ജോസഫിന്റെ ജീവിതം. പണ്ടാരോ പറഞ്ഞതുപോലെ ദൈവത്തിന്റെ കരങ്ങളും കാലുകളും ആകാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. അതുകൊണ്ട് ദൈവം വീണ്ടും ജോസഫുമാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാവാം. അല്ലെങ്കില്‍ ഓരോ ജോസഫുമാരാകാന്‍ ദൈവം നമ്മെ ഓരോരുത്തരെയും വിളിക്കുന്നുണ്ട്.

 ജോസഫാകുക, എത്രവലിയ കടമയും ഉത്തരവാദിത്തവും പദവിയുമാണ് അത്. ജോസഫ് എന്നാല്‍ ദൈവഹൃദയം സ്വന്തമാക്കുക എന്നു തന്നെയാണ് അര്ത്ഥം.. മനുഷ്യനായിരിക്കുമ്പോഴത്തെ സാധ്യതകള്‍ വലുതാണ്. എന്നാല്‍ അതൊരു ബാധ്യതയുമാണ്.

ജോസഫിലേക്ക് നമുക്ക് ഇനി എത്ര നാള്‍..?

വിനായക് നിര്‍മ്മല്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.