വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ഒക്ടോബറില്‍ കണ്ടുമുട്ടിയേക്കുമെന്ന് സൂചന. ഒക്ടോബര്‍ 29 നാണ് ഇരുവരുടെയും കൂടിക്കാഴ്ച നടക്കുക. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ജോ ബൈഡന്റെ ആദ്യ ഔദ്യോഗികസന്ദര്ശനമാണ് ഇത്.
പാപ്പയും ബൈഡനും തമ്മില്‍ ആദ്യ കൂടിക്കാഴ്ച നടന്നത് 2015 സെപ്തംബറിലായിരുന്നു. ഫിലാഡല്‍ഫിയായിലെ ലോക കുടുംബസമ്മേളനത്തില് പങ്കെടുക്കാന്‍ പാപ്പ എത്തിയപ്പോഴായിരുന്നു അത്. അടുത്തവര്‍ഷം ബൈഡന് വത്തിക്കാനിലെത്തി പാപ്പായെ കണ്ടിരുന്നു.
ഭരണാധികാരികളുടെ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ മുന്‍കൂട്ടി വിവരം നല്കുന്ന പതിവ് നിലവിലില്ല. സന്ദര്‍ശനം നടക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം അതേക്കുറിച്ചുളള വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതാണ് പതിവ്.
ഒക്ടോബര്‍ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ബൈഡന് സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.