തിരക്കുപിടിച്ച ജീവിതത്തില്‍ കൂടുതല്‍ സമയമെടുത്ത് പ്രാര്‍ത്ഥിക്കാന്‍ സാധിക്കാതെ പോകുന്നവരാണ് ഭൂരിപക്ഷവും. അച്ചടിച്ച പുസ്തകങ്ങളില്‍ നോക്കി പ്രാര്‍ത്ഥിക്കുന്നതുമാത്രമേ പ്രാര്‍ത്ഥനയാകൂ എന്ന് കരുതുന്നവരും കുറവൊന്നുമല്ല. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകള്‍ പോലും പ്രാര്‍ത്ഥനയാണെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ പ്രാര്‍ത്ഥിക്കാവുന്നതും എന്നാല്‍ ഏറ്റവും ഫലദായകവുമായ ഈ പ്രാര്‍ത്ഥന വിശുദ്ധ പാദ്രെപിയോയുടെ സമകാലീനനായിരുന്ന ദൈവദാസന്‍ ഡോണ്‍ ഡോളിന്‍ഡോ റൂട്ടോലോ എന്ന വൈദികന്‍ രചിച്ചതാണ്. പാദ്രെപിയോയ്ക്ക് പോലും ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിരുന്ന വൈദികനായിരുന്നു ഇദ്ദേഹം. പലരും നേപ്പിള്‍സില്‍ നിന്ന്് പാദ്രെപിയോ കാണാന്‍ പിയട്രെല്‍സിനായില്‍ എത്തുമ്പോള്‍ വിശുദ്ധന്‍ ചോദിച്ചിരുന്നുവത്രെ അവിടെ ഡോണ്‍ ഉണ്ടല്ലോ നിങ്ങള്‍ അദ്ദേഹത്തെ കണ്ട് പ്രാര്‍ത്ഥനാസഹായം ചോദിച്ചാല്‍ പോരായിരുന്നോ. അതുപോലെ ഡോണിനെ കാണാന്‍ പാദ്രെ പിയോയുടെ നാട്ടില്‍ നിന്ന്് ആളുകളെത്തുമ്പോള്‍ അദ്ദേഹം ചോദിക്കുമായിരുന്നുവത്രെ അവിടെ പാദ്രെ പിയോ ഉണ്ടല്ലോ പിന്നെയെന്തിനാണ് നിങ്ങളെന്നെ കാണാന്‍ വന്നത്.
പാദ്രെ പിയോ ഡോണിനെ വിശുദ്ധനായിട്ടാണ് കണക്കാക്കിയിരുന്നത്. ഇനി ഡോണ്‍ പറയുന്ന ആ പ്രാര്‍ത്ഥന എന്താണെന്ന് നോക്കാം.
എന്റെ ഈശോയേ ഞാന്‍ പൂര്‍ണ്ണമായും എന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്നെ സ്വീകരിക്കണമേ
മറ്റ് തരത്തിലുള്ള ആയിരം പ്രാര്‍ത്ഥനകളെക്കാള്‍ വലിയ ശക്തിയുണ്ട് ഈ പ്രാര്‍ത്ഥനയ്ക്ക എന്നാണ് ഡോണ്‍ പറയുന്നത്. ഈ പ്രാര്‍ത്ഥന ഈശോ തന്നെ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തതാണത്രെ. നീയെന്തിനാണ് വലിയ കാര്യങ്ങളോര്‍ത്ത് ആകുലപ്പെടുന്നത്. നീയെന്നെ എനിക്ക് പൂര്‍ണ്ണമായും സമര്‍പ്പിക്കൂ, അപ്പോള്‍ എല്ലാം സമാധാനപൂര്‍ണ്ണമാകുമത്രെ.
ഈശോ തുടര്‍ന്നാണത്രെ ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തത്.