ബെദ്‌ലഹേം: പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ഗാസയിലെ ക്രൈസ്തവര്‍ക്ക് ബെദ്‌ലേഹം സന്ദര്‍ശിക്കാനും അവിടെ ക്രിസ്തുമസ് ആഘോഷിക്കാനും ഒടുവില്‍ അധികാരികള്‍ അനുവാദം നല്കി. ഗാസയിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ബെദ്‌ലഹേം സന്ദര്‍ശിക്കാന്‍ അധികാരികള്‍ അനുവാദം നിഷേധിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ മറുവിഭാഗം പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു.
ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക ഇതു സംബന്ധിച്ച് ഇസ്രായേലിലെ അധികാരികള്‍ക്ക് കത്തെഴുതിയിരുന്നു. അവധിക്കാലത്ത് ബെദ്‌ലഹേം സന്ദര്‍ശിക്കാന്‍ ഗാസയിലെ ക്രൈസ്തവര്‍ക്ക് നല്കണമെന്നായിരുന്നു ആവശ്യം. മറ്റ് നിരവധി ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ലോകം മുഴുവന്‍ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ ഗാസയിലെ ക്രൈസ്തവര്‍ക്ക് യേശുവിന്റെ ജനനസ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കത്തില്‍വ്യക്തമാക്കിയിരുന്നു.
ഗാസയില്‍ പതിനായിരത്തോളം ക്രൈസ്തവര്‍ മാത്രമാണുള്ളത്. 57 ശതമാനമാണ് തൊഴിലിലില്ലായ്മ. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാവിഭാഗമാണ് ഭൂരിപക്ഷം. കഴിഞ്ഞവര്‍ഷം ഗാസയിലെ 700 ക്രൈസ്തവര്‍ക്ക് മാത്രമാണ് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ അനുവാദം നല്കിയിരുന്നത്. അതും 45 വയസിന് മുകളിലുള്ളവര്‍ക്ക്.
ഇപ്പോള്‍ അവസാനനിമിഷ തീരുമാനത്തില്‍ പ്രായപരിധി എടുത്തുകളഞ്ഞാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.