ജക്കാര്‍ത്ത: ഇസ്ലാം വിശ്വാസത്തെ അപമാനിച്ചതിന്റെ പേരില്‍ സുവിശേഷപ്രഘോഷകനെതിരെ ദൈവനിന്ദാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം മതനേതാക്കള്‍. ഗവണ്മെന്റും ഇതിനോട് അനുകൂലിക്കുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. അബ്രാഹം ബെന്‍ മോസസ് എന്ന 57 കാരന് എതിരെയാണ് മുസ്ലീം സമൂഹം അണിനിരന്നിരിക്കുന്നത്.
മുസ്ലീം മതവിശ്വാസത്തെ അപമാനിക്കുകയും ഖുറാനില്‍ നിന്ന് 300 വാക്കുകള്‍ നീക്കം ചെയ്യണമെന്ന് റിലീജിയസ് അഫയേഴ്സ് മിനിസ്റ്ററിനോട് ആവശ്യപ്പെട്ടതുമാണ് ഇദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവണ്മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെയും മതനിന്ദയുടെ പേരില്‍ ഇദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്.
ഖുറാനില്‍ നിന്ന് 300 വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവ ഏതൊക്കെയാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല. അബ്രഹാം ബെന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്.
പോലീസ് അന്വേഷണം നടത്തി കേസെടുക്കണമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ട് നീക്കം ചെയ്യണമെന്നും ഇഡോനേഷ്യ ഉലെമ കൗണ്‍സില്‍ ആവശ്യപ്പെട്ടു.