വത്തിക്കാന്‍ സിറ്റി: ദൈവനാമത്തില്‍ യുക്രെയ്‌നിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ യാമപ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
റഷ്യ കഴിഞ്ഞ ആഴ്ച നടത്തിയ ആക്രമണങ്ങള്‍ തികഞ്ഞ കിരാതത്വമായിരുന്നുവെന്ന് ഗര്‍ഭിണിയും കുഞ്ഞും കൊല്ലപ്പെട്ട ദാരുണസംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് പാപ്പ പറഞ്ഞു. എല്ലാവര്‍ക്കുമായി വേദന നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ സംസാരിക്കുന്നതെന്നും പാപ്പ പറഞ്ഞു. ദുരിതങ്ങള്‍ക്ക് ഇരകളായി കഴിയുന്നവരുടെ നിലവിളികള്‍ കേള്‍ക്കുക. ദൈവനാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കൂ.. രക്തസാക്ഷികളുടെ നഗരമായി മാരിപ്പോള്‍ മാറിയിരിക്കുകയാണെന്നും പാപ്പ പറഞ്ഞു.
പ്രതിരോധിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത നിസ്സഹായരെയും കുട്ടികളെയും കൊന്നൊടുക്കുന്നത് തീര്‍ത്തും കിരാതത്വമാണ്. യുദ്ധം എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് നേരെയാണ്, സമാധാനപൂര്‍വ്വമായ ജീവിതം നയിക്കുന്ന ജനതയ്ക്ക് എതിരെയാണ് പാപ്പ പറഞ്ഞു.
യുക്രെയ്‌നില്‍ യു്ദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ ഞായറാഴ്ചവരെ 2.5 മില്യന്‍ ആളുകളാണ് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്.