‘
ജപമാല യ്ക്കായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തില്‍ ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് നമ്മുടെ മാര്‍പാപ്പമാര്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയണ്ടെ?
ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്കാം. ഒരിക്കലും ജപമാല ഉപേക്ഷിക്കരുത്. ജപമാല പ്രാര്‍ത്ഥിക്കുക, മാതാവ് നമ്മോട് ആവശ്യപ്പെട്ടതുപോലെ..ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണ്.
കന്യകയിലൂടെ നമുക്ക് ദൈവം നല്കിയതാണ് ജപമാലയെന്നും ക്രിസ്തുവിന്റെ ജീവിതത്തെയാണ് നാം അതിലൂടെ ധ്യാനിക്കുന്നതെന്നും കൂടുതല്‍ വിശ്വാസത്തോടും വിശ്വസ്തതയോടും അവിടുത്തെ പിന്തുടരാന്‍ ആ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നുവെന്നും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
എല്ലാദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. വൈദികരോട് ഞാന്‍ പറയുന്നത് ഇതാണ്. അതുപോലെ എങ്ങനെയാണ് ജപമാല ചൊല്ലേണ്ടതെന്ന് ക്രൈസ്തവ സമൂഹത്തെ പഠിപ്പിക്കുകയും ചെയ്യുക. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഏറ്റവും ലളിതവും എളുപ്പവുമുള്ള പ്രാര്‍ത്ഥനയാണ് ജപമാലയെന്നും വീണ്ടും ഒരു കുഞ്ഞാകാന്‍ അതെന്നെ സഹായിക്കുന്നുവെന്നും ഞാനൊരിക്കലും അതിന്റെ പേരില്‍ ലജ്ജിതനാകുന്നില്ലെന്നും പറഞ്ഞത് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയാണ്.
കുടുംബപ്രാര്‍ത്ഥനയിലും സമൂഹപ്രാര്‍ത്ഥനയിലും ജപമാല പ്രാര്‍ത്ഥന നടത്തണമെന്നും ഏറ്റവും ഉചിതവും ഫലദായകവുമായ പ്രാര്‍ത്ഥനയാണ് അതെന്നും പോള്‍ ആറാമന്‍ മാര്‍പാപ്പ.
വ്യക്തിപരമായും കുടുംബത്തിലും ജപമാല ചൊല്ലൂ അത് സമാധാനം അനുഭവിക്കാന്‍ കാരണമാകും എന്നായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ വിശ്വാസം.
ദൈവത്തിന്റെ അനുഗ്രഹം കുടുംബത്തിലേക്ക് വരാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതാണെന്ന് പിയൂസ് പന്ത്രണ്ടാമനും ഓര്‍മ്മിപ്പിക്കുന്നു.
ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേറ്റാം. വ്യക്തിപരമായും കുടുംബപരമായും അനുഗ്രഹം പ്രാപിക്കുന്നതിന് നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.