ഓരോ ദിവസവും പ്രാര്‍ത്ഥനയോടെയാണ് നാം ആരംഭിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയായിരിക്കണം എന്ന കാര്യത്തെക്കുറിച്ച് മരിയാനുകരണം കൃത്യമായി നമുക്ക് വിശദീകരണം നല്കുന്നുണ്ട്.
സാധാരണ ദിനകൃത്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ ഹൃദയം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി ഈശോ മറിയം എന്നീ തിരുനാമങ്ങള്‍ ഉച്ചരിച്ച് അവരുടെ സഹായം അപേക്ഷിക്കുക. നിന്നെതന്നെയും നീ ചെയ്യുന്ന പ്രവൃത്തികളെയും ദൈവത്തിന് സമര്‍പ്പിക്കുക. അവ കൂടുതല്‍ ഫലപുഷ്ടങ്ങളാകും. മാത്രമല്ല ദൈവത്തിന് പ്രസാദകരവും മറ്റുള്ളവര്‍ക്കും നിനക്ക് തന്നെയും പ്രയോജനകരവും ആയിത്തീരുകയും ചെയ്യും. മൗനമായി ജോലി ചെയ്യുക. ആവശ്യമില്ലാതെ സംസാരിക്കരുത്.
ഈശോ എന്ന മഹനീയ നാമത്തിന്റെ ഉച്ചാരണത്തോടുകൂടെ നിന്റെ ഹൃദയത്തില്‍ നിന്ന് ദൈവത്തിന്‍ പക്കലേക്ക് പ്രാര്‍ത്ഥന നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കട്ടെ. മറിയത്തിന്റെ മാധ്യസ്ഥം വഴി ഈശോയെ നിരന്തരം സ്‌നേഹിക്കാനും പുകഴ്ത്താനും പാടിസ്തുതിക്കാനും നിത്യാനന്ദത്തിന്റെ അനുഭൂതിക്കുളള ഒരുക്കമെന്നപോലെ ഇവിടെതന്നെ ആരംഭിച്ചുകൊള്ളുക.
അവരോടൊന്നിച്ചു നിത്യകാലവും വാഴുന്നതിന് ഭാഗ്യം ലഭിക്കാന്‍ വേണ്ടി അവരുടെ തിരുനാമങ്ങളുടെ മഹിമസ്തുതികള്‍ നിരന്തരം ആവര്‍ത്തിച്ചുപാടുക.
(മരിയാനുകരണം)