ഇല്ലിനോയിസ്: അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കും ഡോക്ടേഴ്‌സിനും നേരേയുള്ള നിയമങ്ങള്‍ പിന്‍വലിച്ചും അബോര്‍ഷന്‍ മൗലികാവകാശമായിരിക്കുമെന്ന് പ്രഖ്യാപിച്ചും ഇല്ലിനോയിസ് സെനറ്റ്. സ്‌റ്റേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ നിമിഷമാണ് ഇതെന്ന് ചിക്കാഗോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബ്ലേസ് കുപ്പിച്ച് ഇതിനോട് പ്രതികരിച്ചു.
34-20 എന്ന രീതിയിലാണ് സെനറ്റ് ഈ ബില്‍ അംഗീകരിച്ചിരിക്കുന്നത്. ബില്‍ ഇപ്പോള്‍ ഗവര്‍ണറുടെ ഡെസ്‌ക്കിലേക്ക് പോയിരിക്കുകയാണ്. അബോര്‍ഷന്‍ ചെയ്യാന്‍ തയ്യാറായിരിക്കുന്ന സ്ത്രീകള്‍ക്ക് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വിധത്തിലുള്ള എല്ലാവിധ പിന്തുണയും നല്കുമെന്നും അബോര്‍ഷന്‍ അവരുടെ ഏക തിരഞ്ഞെടുപ്പ് അല്ലെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും ബില്ലിന്റെ അവസാനരൂപം പ്രസിദ്ധപ്പെടുത്താതെയും സെനറ്റ് ബില്‍ പാസാക്കിയതിനെ മെത്രാന്മാര്‍ അപലപിച്ചു. ബില്ലിനെതിരെ ഇല്ലിനോയിസ് കാത്തലിക് കോണ്‍ഫ്രന്‍സും പ്രതികരിച്ചു.
ജീവിതം വിലയില്ലാത്തതാണെന്ന തോന്നലാണ് ഈ ബില്‍ പാസാക്കിയതിലൂടെ എല്ലാവര്‍ക്കും ഉണ്ടാക്കുകയെന്ന് കോണ്‍ഫ്രന്‍സ് പറഞ്ഞു. വിഷമകരമായ ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍ അബോര്‍ഷന്‍ മാത്രമല്ല സ്ത്രീകളുടെ മുമ്പിലുള്ള പോംവഴിയെന്ന് ആര്‍ച്ച് ബിഷപ് കുപ്പിച്ച് പറഞ്ഞു.