വിയറ്റ്‌നാം: കത്തോലിക്കാ വനിതയുടെ ഭൂതോച്ചാടനത്തിന് സഭയില്‍ നിന്ന് വിലക്ക്. ദൈവിക വെളിപാടുകള്‍ എന്ന് വനിത വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ തെറ്റായതും അസത്യവുമാണെന്നാണ് ബിഷപ് ഡൊമിനിക് വാന്‍ ഇതുസംബന്ധിച്ച് അറിയിച്ചിരിക്കുന്നത്. തെരേസ തി തൗങ് എന്ന വനിതയ്ക്കാണ് വിലക്ക്.
അനേകരെ വീഡിയോ ദൃശ്യങ്ങള്‍ വഴി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് തെരേസ. വൈദികരും കന്യാസ്ത്രീമാരും ഉള്‍പ്പടെ നിരവധി പേരെ സാത്താനിക പീഡയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതായി അവകാശപ്പെടുന്നതാണ് ആ വീഡിയോകള്‍. അനേകര്‍ ഇതില്‍ നിന്ന് ആകര്‍ഷിക്കപ്പെട്ട് തെരേസയുടെ വീട്ടില്‍ സാത്താനിക പീഡകളില്‍ നിന്ന് മോചനം നേടാനായി എത്താറുമുണ്ട്.
മെയ് 31 ന് ഹൗസ് ഓഫ് ദ ഫാദര്‍ എന്ന പേരില്‍ പുതിയൊരു ഭവനം തെരേസ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. കരുണക്കൊന്തയും ജപമാലയും ഇവിടെ നിന്ന് ഉയരാറുമുണ്ട്.
എന്നാല്‍ കാനന്‍ നിയമത്തിനും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിനും വിരുദ്ധമാണ് തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ബിഷപ് വിശദീകരിക്കുന്നത്. തലവേദന, പുറംവേദന, ഹൃദ്രോഗം എന്നിവയെല്ലാം സാത്താന്‍ബാധയാണെന്നാണ് തെരേസ പഠിപ്പിക്കുന്നത് എന്ന് ബിഷപ് ആരോപിക്കുന്നു.
മാത്രവുമല്ല പ്രാദേശികസഭയോട് വിധേയത്വമോ അനുസരണയോ ഇല്ലാതെയാണ് തെരെസ ശുശ്രൂഷകള്‍ നടത്തുന്നതും. ഈയൊരു സാഹചര്യത്തിലാണ് തെരേസയുടെ ശുശ്രൂഷകളെ വിലക്കിക്കൊണ്ട് രൂപത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.