വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്ത് മൂലമുള്ള സഹനങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ മുറിവേല്പ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മനുഷ്യക്കടത്ത് അക്രമമാണ്. അതിന്റെ ഇരകളാകേണ്ടിവരുന്ന സ്ത്രീകളും പെണ്‍കുട്ടികളും നേരിടേണ്ടിവരുന്ന സഹനങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തിലെ തുറന്ന മുറിവുകളാണ്, മനുഷ്യവംശത്തിന്റെ തന്നെ മുറിവുകളാണ്. ഫെബ്രുവരി 8 ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മനുഷ്യക്കടത്തിന്റെ എല്ലാവിധ രൂപങ്ങളെയും പാപ്പ അപലപിച്ചു.
സെക്‌സിനു വേണ്ടിയും തൊഴിലിനുവേണ്ടിയും മനുഷ്യക്കടത്ത് അരങ്ങേറാറുണ്ടെന്ന് പാപ്പ പറഞ്ഞു. അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ മാന്യതയ്ക്കും തുല്യാവകാശത്തിനും വേണ്ടി സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് പോരാടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകമെങ്ങും 25 മില്യന്‍ ഇരകളാണ് മനുഷ്യക്കടത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്.
150 ബില്യന്‍ ഡോളര്‍ വ്യവസായം കൂടിയാണ് ഇത്. മനുഷ്യക്കടത്തിനെതിരെയുള്ള ദിനാചരണത്തിന് പാപ്പ തുടക്കം കുറിച്ചത് എട്ടുവര്‍ഷം മുമ്പായിരുന്നു. ഫെ്ബ്രുവരി എ്ട്ടാണ് പ്രസ്തുത ദിനം. മനുഷ്യക്കടത്തിന്റെ ഇരയായി ജീവിക്കേണ്ടി വന്ന വിശുദ്ധ ജോസഫ് ബക്കീത്തയുടെ തിരുനാള്‍ ദിനം കൂടിയാണ് ഫെബ്രുവരി 8.
1947 ഫെബ്രുവരി എട്ടിന് മരണമടഞ്ഞ വിശുദ്ധ ബക്കീത്തയെ 2000 ഒക്ടോബര്‍ ഒന്നിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്.