തഞ്ചാവൂര്‍: ഹോസ്റ്റലില്‍ പഠിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത കന്യാ്‌സ്ത്രീക്ക് കോടതി ജാമ്യം അനുവദിച്ചു.62 കാരിയായ സിസ്റ്റര്‍ സഹായ മേരിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. തഞ്ചാവൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജ് ജസ്റ്റീസ് പി മാത്തുസുദനനാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം നല്കിക്കൊണ്ടുളള വിധിയില്‍ പ്രത്യേകം പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടി പത്തു ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 20 നാണ് മരണമടഞ്ഞത്.
ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി അംഗമാണ് സിസ്റ്റര്‍ സഹായ മേരി. സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഹോസ്റ്റലായ സെന്റ് മൈക്കിള്‍സിന്റെ വാര്‍ഡനാണ് സിസ്റ്റര്‍. സിസ്റ്റര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരിക്കുന്നത്. സിസ്റ്റര്‍ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും അതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും മറ്റും തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് ഇതിലുള്ളതെന്നും പെണ്‍കുട്ടി ഒരിക്കലും മരണമൊഴിയില്‍ അക്കാര്യം പറയു്ന്നില്ലെന്നതുമാണ് സത്യം. കഴിഞ്ഞ 160 വര്‍ഷമായി ദരിദ്രരും അഗതികളുമായ പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കുന്നവരാണ് ഈ കന്യാസ്ത്രീകള്‍. അന്യായമായി വേട്ടയാടപ്പെടുന്ന കന്യാസ്ത്രീകള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.