വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപമുള്ള ഭവനരഹിതരായ ആളുകളെ തീറ്റിപ്പോറ്റാനുള്ള പ്രോജക്ട് ആര്‍ക്കിന്റെ ഭക്ഷണവണ്ടി വത്തിക്കാനിലെത്തി. ഫെബ്രുവരി 17 നാണ് മൊബൈല്‍ കിച്ചണിന്റെ ഉദ്ഘാടനം നടന്നത്. ഇറ്റലിയിലെ മൂന്ന് നഗരങ്ങളില്‍ നടത്തി വിജയിച്ച പരീക്ഷണമാണ് ഇപ്പോള്‍ വത്തിക്കാനിലെത്തിയിരിക്കുന്നത്.
സ്റ്റൗ, ഓവന്‍, ടീ കെറ്റില്‍ എന്നിവയോടുകൂടിയ ഈ മൊബൈല്‍ കിച്ചണില്‍ നിന്ന് 450 ചൂടു ഭക്ഷണപ്പൊതികള്‍ ആഴ്ച തോറും വിതരണം ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി സൂപ്പ് കിച്ചണുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പല ആളുകളും ദാരിദ്ര്യം അനുഭവിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ട് നാലുദിവസം ആയവര്‍ പോലും ഇതിലുണ്ടായിരുന്നു. പ്രോജക്ട് ആര്‍ക്കിന്റെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ പറഞ്ഞു.
കോവിഡ് ഇവിടെ ദാരിദ്ര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ 114 ശതമാനമാണ് ദരിദ്രരുടെ വര്‍ദ്ധനവ് എന്ന് കാരിത്താസ് ഇറ്റലി കണക്കുകള്‍ നിരത്തി പറയുന്നു. 2014 ലെ കണക്ക് അനുസരിച്ച് 51,000 ഭവനരഹിതരാണ് രാജ്യത്തുള്ളത്. അതില്‍ 23 ശതമാനവും റോമിലാണ്.