വിശേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുവിശേഷം നിലനില്ക്കുന്നതു തന്നെ വിശേഷം അറിയിക്കുന്നതുപോലെ സുവിശേഷം അറിയിക്കാന്‍ കഴിയാത്തതുകൊണ്ടാണ്.സുവിശേഷം വ്യത്യസ്തമാകുന്നത് ദൈവശക്തി കൊണ്ട് മാത്രം നിര്‍വഹിക്കുന്ന ഒന്നായതുകൊണ്ടാണ്.
യേശു ഉയിര്‍ത്തെണീറ്റു എന്നതാണ് സുവിശേഷത്തിന്റെ അന്തസ്സത്ത. അത് ലഭിച്ച ശിഷ്യന്മാരോട് ഈശോ പറയുന്നത് നിങള്‍ ജറുസലേം വിട്ടുപോകരുതെന്നാണ്. പിതാവിന്‌റെ വാഗ്ദാനത്തിന് വേണ്ടി കാത്തിരിക്കണം. അതുകഴിഞ്ഞിട്ടാണ് മഹാനിയോഗം അവരെ ഏല്പിക്കുന്നത്. ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ നിങ്ങള്‍ എനിക്ക് സാക്ഷ്യം വഹിക്കണം എന്നും പറയുന്നു. കേവലം വാക്കുകളുടെ ശക്തി കൊണ്ട് നിര്‍വഹിക്കേണ്ടതോ വെറും വൈകാരികമോ ആയ ഒന്നല്ല സുവിശേഷവല്‍ക്കരണം എന്നാണ് ക്രിസ്തു വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച് ദൈവശക്തിയുടെ പ്രതിഫലനമാണ് സുവിശേഷവല്‍ക്കരണത്തിന്റെ അന്തസ്സത്ത.
സുവിശേഷവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ശക്തി പരിശുദ്ധാത്മാശക്തിയാണ്. അത്കൂടാതെ സുവിശേഷവല്‍ക്കരണം സാധ്യമാകുകയില്ല. പൗലോസ് ശ്ലീഹായുടെ സുവിശേഷവല്‍ക്കരണം കേവലം വാക്കുകളുടെ ശക്തിപ്രകടനമായിരുന്നില്ല മറിച്ച് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ ശക്തിയായിരുന്നു. വാര്‍ത്തകള്‍ പലതുണ്ടാവാം. എന്നാല്‍ അവയ്‌ക്കൊന്നും വ്യക്തികളെ രൂപാന്തരപ്പെടുത്തുന്ന ഇതുപോലൊരു ശക്തിയില്ല. സുവിശേഷത്തിന് പിന്നില്‍ ഒരു ശക്തിയുണ്ട്.
സുവിശേഷവല്‍ക്കരണത്തിന് നമുക്കില്ലാത്തത് ആളോ പണമോ അല്ല സ്ഥാനമാനങ്ങളോ അല്ല മറിച്ച് ശക്തിയാണ്. ശക്തിയുടെ മഹാപ്രദര്ശനങ്ങളാണ് നമുക്കുണ്ടാവേണ്ടത്. അത്ഭുതങ്ങളും അടയാളങ്ങളും വഴി അപ്പസ്‌തോലന്മാര്‍ ദൈവികശക്തി പ്രകടിപ്പിച്ചു.ഈശോയില്‍ നാം കണ്ടതും അതുതന്നെയായിരുന്നു. ഊമന്മാര്‍ സംസാരിക്കുകയും കുരുടര്‍ കാണുകയും ചെയ്തു.
ശക്തരാകുകയും സജ്ജരാകുകയും ചെയ്ത് അസാധാരണമായ സുവിശേഷത്തിന്റെ വലിയ വിസ്‌ഫോടനത്തിന് നാം അടുത്തനാളുകളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ശക്തിയെ ആശ്രയിക്കാം, ശക്തിയെ ആഴമായി ആശ്രയിക്കാം. ഈശോ അതാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നി്ന്ന്)