കടന്നുപോകേണ്ടവർ


ഈശോയുടെ പെസഹായുടെ ഓർമ്മയിലാണിന്ന്‌ ലോകം. എന്റെ ഓർമ്മയ്ക്കായി നിങ്ങളിത്‌ ചെയ്യുവിൻ എന്ന അവന്റെ വാക്കുകൾ ഹൃദയത്തോട്‌ ചേർത്ത്‌ ധ്യാനിക്കുന്ന എല്ലാവർക്കും ഈ ദിനം ഏറെ വികാരനിർഭരമായതാണ്‌ ഒപ്പം പ്രിയപ്പെട്ടതും.

ലോകരക്ഷകനായി മണ്ണിൽ അവതരിച്ച ഈശോ ഈ ലോകം വിട്ടുപോകുന്നതിന്‌ മുൻപ്‌ തന്റെ പ്രിയപ്പെട്ടവരോടൊപ്പം പെസഹാ ആഘോഷിച്ചപ്പോൾ അന്നോളം ഉപയോഗിച്ചിരുന്ന കുഞ്ഞാടിന്‌ പകരം അവൻതന്നെ അർപ്പകനായി മാറിയ വിശുദ്ധ ദിനത്തിന്റെ അനുസ്മരണമാണിത്‌. അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തിൽ സ്വന്തം ശരീരവും രക്തവും തന്റെ പ്രിയപ്പെട്ടവർക്കായി പകുത്തേകിയ സ്നേഹത്തിന്റെ രാത്രിയുടേ വിശുദ്ധ ഓർമ്മകൂടിയാണ്‌ നമുക്ക്‌ ഓരോ പെസഹാതിരുന്നാളും.

ഈശോയെ സംബന്ധിച്ചിടത്തോളം ശീഷ്യരോടൊപ്പമുള്ള ഈ പെസഹാ തന്റെ കടന്നുപോകലിന്റെ മുന്നോടിയായിരുന്നു. പിതാവിന്റെ പക്കൽ നിന്നും മണ്ണിലേക്ക്‌ വരികയും അവനിൽ നിക്ഷിപ്തമായിരുന്ന ലക്ഷ്യം പൂർത്തീകരിച്ച്‌ മടങ്ങിപ്പോകുന്നതിന്റെ തലേ രാത്രിയിലാണ്‌ ഈ പെസഹാ അവൻ ആഘോഷിച്ചത്‌.

ഏതെല്ലാം കാര്യങ്ങളാണോ ഈശോ ചെയ്യേണ്ടിയിരുന്നത്‌ അതെല്ലാം ചെയ്തുകഴിഞ്ഞു. ഇനി തന്നിൽ സംഭവിക്കാൻ ബാക്കിയുള്ളത്‌ ചെയ്യാൻ തന്റെ പ്രിയപ്പെട്ടവർ ഒരുങ്ങിക്കഴിഞ്ഞുവെന്നും അവനറിയാമായിരുന്നു. ആ വൈകാരിക നിമിഷങ്ങളിലും സ്നേഹത്തിന്റെ പകുത്തേകലാണ്‌ ഈശോ ആഗ്രഹിക്കുന്നതും ചെയ്യുന്നതും. ഈശോ അന്ന്‌ നടത്തിയ സ്നേഹനിഭരവും വൈകാരികവുമായ പെസഹായുടെ പുനരാഘോഷമാണ്‌ ക്രിസ്തുവിശ്വാസികൾക്ക്‌ ഓരോ പെസഹാവ്യാഴവും പകർന്നു നൽകേണ്ടത്‌.

മനുഷ്യപുത്രനെപ്പോലെ ഈ മണ്ണിൽ നിന്നും കടന്നുപോകേണ്ടവരാണ്‌ നാമോരുത്തരും എന്നത്‌ നമുക്കറിയാവുന്ന കാര്യമാണ്‌. എന്നാൽ ഈ കടന്നുപോകലിന്‌ നാമെത്രമാത്രം നമ്മെ ഒരുക്കിയിട്ടുണ്ട്‌, അല്ലെങ്കിൽ നാമെത്രമാത്രം ഒരുങ്ങിയിട്ടുണ്ട്‌? ഈശോ കൃത്യമായി ഒരുങ്ങിയും എല്ലാം പൂർത്തിയാക്കിയുമാണ്‌ ഈ മണ്ണിൽനിന്നും കടന്നുപോയതെന്ന്‌ വചനത്തിലൂടെ നാം മനസിലാക്കുന്നുണ്ട്‌. അതായത്‌ സ്നേഹത്തോടെ എല്ലാം പകുത്തേകിയുള്ള ഈശോയുടെ മടക്കം അത്രമാത്രം ഹൃദയസ്പർശിയായി മാറിയെന്ന്‌ സാരം. സ്നേഹത്തിന്റെ നിറവിൽ ഈശോ സ്വയം ആയിരിക്കുകയും, ആ നിറവിൽ നിന്ന്‌ പങ്കുവച്ചേകുകയും ചെയ്തപ്പോഴാണ്‌ അന്നത്തെ അത്താഴവിരുന്ന്‌ വിശുദ്ധ കുർബാനയായി മാറ്റപെട്ടത്‌. എപ്പോഴും സ്നേഹത്തിലായിരിക്കുകയും, സ്നേഹത്തോടെ ജീവിതം പകുത്തേകുകയും ചെയ്യുന്ന ഏതൊരിടത്തും കുർബാനയുണ്ട്‌.

ഈ യാഥാർത്ഥ്യത്തെ മുൻപിൽ നിർത്തി ഞാൻ എന്നിലേക്കൊന്ന്‌ മിഴിപായിക്കുമ്പോൾ എനിക്കും പറയാനാകുമോ ഈശോയുടെ കുർബാനയുടെ തുടർച്ചയായ ജീവിതമാണ്‌ എനിക്കുള്ളതെന്ന്‌? 
കടന്നുപോകണമെന്നും ഈ മണ്ണിൽ തീരേണ്ടതല്ല മനുഷ്യജീവിതമെന്നും അറിയുകയും ജീവിക്കുകയും ചെയ്യുന്നവർക്കാണ്‌ ഈശോയുടേതുപോലെ പെസഹായുടെ ആത്മീയത മനസിലാക്കാനാകുക. അതിനു പകരം ഈ മണ്ണിലെ ജീവിതം ഒരിക്കലും തീരില്ല എന്ന്‌ കരുതുന്നവർക്ക്‌ ഒരിക്കലും മനസിലാക്കാനാകാത്തതായ കാര്യമാണിത്‌.

ഇത്തരത്തിലുള്ളവർ അധികാരത്തിന്റേയും അധികാരം നൽകുന്ന ധിക്കാരത്തിന്റേയും ഗർവിന്റേയുമൊക്കെ ജീവിതമായിരിക്കും നയിക്കുക. അവർക്കൊരിക്കലും ക്രിസ്തുവിന്റെ സ്നേഹനിർഭരവും എല്ലാവരേയും ചേർത്തുനിർത്തുന്നതുമായ ദൈവീക ശൈലി മനസിലാകില്ല. 
അന്നോളം കണ്ടു ശീലിച്ച പെസഹായുടെ കെട്ടും മട്ടും മാറ്റിയാണ്‌ ഈശോ ശിഷ്യരോടൊപ്പം തന്റെ അവസാനത്തെ പെസഹാ ആഘോഷിച്ചതെന്ന്‌ നമുക്കറിയാം. യഹൂദർ ആണ്ടുതോറും മുടങ്ങാതെ നടത്തുന്ന പെസഹായിൽ അവർക്ക്‌ ഓർമ്മിക്കാൻ ഏറെ കാര്യങ്ങളുണ്ടായിരുന്നു. എങ്കിലും അവരെ സംബന്ധിച്ച്‌ അത്‌ നിർബന്ധമായും നടത്തേണ്ട ഒരു ചടങ്ങായിരുന്നു.

എന്നാൽ പഴയ കാര്യങ്ങൾക്കും ഓർമ്മകൾക്കും ചടങ്ങുകൾക്കും പകരം ഈശോയുടെ ഈ പെസഹായിൽ അവന്റെ ജീവിതം തന്നെയാണ്‌ അർപ്പിക്കുന്നതും ഓർമ്മയാക്കാൻ ആവശ്യപെടുന്നതും.
പരിചിതമായതെല്ലാം വിരസതയും മടുപ്പും പകരാനുള്ള സാധ്യത ഏറെയാണെന്നത്‌ നമ്മുടെ അനുഭവമാണ്‌. അത്‌ ഏത്‌ കാര്യത്തോട്‌ ചേർത്ത്‌ നോക്കിയാലും ശരിയായിരിക്കും.

ഈശോയുടെ പെസഹാ പലർക്കും, പ്രത്യേകിച്ച്‌ അവന്റെ പ്രതിപുരുഷന്മാരെന്ന്‌ വിശേഷിപ്പിക്കുന്ന പുരോഹിതർക്ക്‌ വിരസതയും മടുപ്പും പകരുന്നു എന്നത്‌ നോവിക്കുന്ന ഒരു കേൾവിയാണ്‌. ഈശോയുടെ കടന്നുപോകലും അവന്റെ സ്നേഹത്തിന്റേയും ജീവന്റേയും സ്മാരകമായ പരിശുദ്ധ കുർബാനയും അവരെ ഒരു വിധത്തിലും തൊടാത്തതിനാലല്ലേ ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കേണ്ടി വരുന്നത്‌.

ഈശോയുടെ അന്നത്തെ പെസഹായുടെ ഇന്നത്തെ ആഘോഷം വിരസമായും മടുപ്പായും അനുഭവപ്പെട്ടാൽ പിന്നെ എനിക്കൊരു ക്രിസ്തീയ ജീവിതവുമില്ല. അവന്റെ ഓർമ്മയില്ലാത്ത, അവന്റെ കടന്നുപോകൽ അനുസ്മരിക്കാൻ പറ്റാത്ത ജീവിതമൊരിക്കലും അവനോട്‌ ചേർക്കാനാകില്ല എന്ന്‌ അറിയുകയും ചെയ്യാം. ഓരോ പെസഹാവ്യാഴവും എന്നോട്‌ ചോദിക്കുന്നത്‌ ഒരേയൊരു കാര്യം മാത്രമാണ്‌,

എത്രയോ വർഷങ്ങളായി നീ ഈശോയുടെ പെസഹായുടെ അനുസ്മരണം ആഘോഷപൂർവം നടത്തുന്നു എന്നിട്ടുമെന്തേ നീ കുർബാനയാകാതെ പോകുന്നു? എന്തേ സ്വയം പകുത്തേകിയവന്റെ ഓർമ്മ നിന്നെ ഒരുവിധത്തിലും സ്പർശിക്കാതെ പോകുന്നു? 
സ്നേഹമില്ലായ്മയിൽ നിന്നും സ്നേഹത്തിലേക്ക്‌ ഒരു കടന്നുപോകൽ നിനക്ക്‌ എപ്പോഴെങ്കിലും സാധിക്കുമോ? എന്നാണോ ഇത്‌ സാധ്യമാകുന്നത്‌, അപ്പോൾ മാത്രമേ അവന്റെ അന്നത്തെ പെസഹാ ഇന്നത്തെ എന്റെ ജീവനും ജീവിതവുമായി പരിണമിക്കുകയുള്ളൂ. അതുപോലെ എന്റെ കടന്നുപോകലിനായി ഒരുങ്ങുവാനും സാധിക്കൂ.
ഈശോയെ സ്നേഹിക്കുന്ന എല്ലാവർക്കും, അവൻ തന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന്‌ സ്നേഹത്തോടെ പറഞ്ഞുകൊണ്ട്‌ സ്ഥാപിച്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ആശംസകൾ പ്രാർത്ഥനാപൂർവം നേരുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.