നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാല്‍വരിയില്‍ ക്രൂശിതനായി മരിച്ചതിന്റെ ഹൃദയഭേദകമായ ഓര്‍മ്മയുടെ അനുസ്മരണയും ആദരവും സ്‌നേഹവുംആയിട്ടാണ് ദു:ഖവെള്ളിയാഴ്ചകളില്‍ നമ്മള്‍ ഉപവാസം അനുഷ്ഠിക്കുന്നത്. എന്നാല്‍ ദു:ഖശനിയാഴ്ചകളിലും ഉപവാസം നിര്‍ബന്ധമായി അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു.
വളരെ വേദനാകരമായ ഒരു ദിവസമാണല്ലോ ദു:ഖശനിയും? ചിലരൊക്കെ ദേവാലയം വിട്ടുപോകാറുമില്ലായിരുന്നു. ഈശോയുടെ കല്ലറയ്ക്ക് കാവല്‍ നില്ക്കുന്നതിന് തുല്യമായിരുന്നു അത്. അതുപോലെ ഭൂമിക്ക് മീതെ കനത്ത നിശ്ശബ്ദത പരന്ന ദിവസം കൂടിയായിരുന്നതിനാല്‍ അന്നേ ദിവസം പരിപൂര്‍ണ്ണ നിശ്ശബ്ദരായിരിക്കണമെന്നും പാരമ്പര്യം അനുശാസിച്ചിരുന്നു.
കാരണം ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപന്‍ ഉറങ്ങുകയാണ്. നിത്യനിദ്ര. മാംസശരീരങ്ങളോടെ ഉയിര്‍ത്തെണീല്ക്കാന്‍ വേണ്ടിയുള്ള നിദ്ര. ഈസ്റ്റര്‍ വിജില്‍ ആരംഭിച്ചിരുന്നതും നിശ്ശബ്ദതയില്‍ നിന്നായിരുന്നു.
അതുപോലെ ദേവാലയങ്ങളില്‍ ആ സമയം വരെ വിളക്കുകള്‍ തെളിച്ചിരുന്നുമില്ല. ലോകത്തിന്റെ പ്രകാശമായ ക്രിസ്തു ഉയിര്‍ത്തെണീല്ക്കുന്നതുവരെ ശിഷ്യന്മാരുടെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളുടെ പ്രതീകമായിട്ടായിരുന്നു ആ ഇരുട്ട്.