ജീവിതത്തില്‍ സംഭവിക്കുമെന്ന് നമുക്ക് ഉറപ്പുള്ള ഒരേയൊരു കാര്യം നാം മരിക്കും എന്നുള്ളത് മാത്രമാണ്. പക്ഷേ അപ്പോഴും ഒരു കാര്യം നമുക്കറിയില്ല. നാം എപ്പോള്‍ മരിക്കും, എങ്ങനെ മരിക്കും എന്ന്. ഓരോ ദിവസവും നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ഓരോ ദിവസവും നാം മരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കണം. അതിനായി നാം മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തണം. നമ്മില്‍ പലരും വിചാരിക്കുന്നത് നാം ഇപ്പോഴൊന്നും മരിക്കില്ല എന്നാണ്. അതനുസരിച്ചാണ് നാം ജീവിക്കുന്നതും. പക്ഷേ അത് തെറ്റാണ്.
ഇതാ മരണത്തെക്കുറി്ച്ച് നല്ലതുപോലെ ചിന്തിക്കുന്നവര്‍ക്കും ചിന്തിക്കാത്തവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രാര്‍ത്ഥന.
ഓ ക്രൂശിതനായ എന്റെ ഈശോയേ എന്റെ എല്ലാ ചിന്തകളും ബോധങ്ങളും പരാജയപ്പെട്ട് ഞാന്‍ മരിക്കാന്‍ പോകുന്ന എന്റെ അന്ത്യനിമിഷങ്ങളെ ഞാന്‍ ഇതാ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. ആ സമയത്തിന് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനയെ സമര്‍പ്പിക്കുന്നു.
മരണസമയത്ത് എന്റെ കണ്ണുകള്‍ എന്നേയ്ക്കുമായി അടയുമ്പോള്‍ ഞാന്‍ ഇപ്പോള്‍ നിന്നെ നോക്കുന്ന സ്‌നേഹപൂര്‍വ്വമായ ഈ നോട്ടത്തെപ്രതി എന്നോട് കരുണയുണ്ടായിരിക്കണമേ.
എന്റെ ചുണ്ടുകള്‍ വരണ്ടുണങ്ങുന്ന മരണനിമിഷത്തില്‍, ഇതാ ഞാന്‍ ഇപ്പോള്‍ നിന്റെ തിരുമുറിവുകളെ ചുംബിക്കുന്നതിന്റെ ഓര്‍മ്മയാല്‍ എന്നോട് കരുണകാണിക്കണമേ. എന്റെ കൈകാലുകള്‍ തണുത്തുറയുന്ന ഭയങ്കരമായ ആ മരണനിമിഷങ്ങളില്‍ നിന്റെ കുരിശുരൂപത്തോട് ഞാന്‍ ഇപ്പോള്‍ കാണിക്കുന്ന ഭക്തിയുടെയും ആദരവിന്റെയും പേരില്‍ എന്നോട് കരുണകാണി്ക്കണമേ.
എന്റെ നാവു നിശ്ചലമാകുമ്പോള്‍ ഒരുവാക്കും ഉച്ചരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയുടെ പേരില്‍ എന്നോട് കരുണകാണിക്കണമേ.
ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു
ക്രൂശിതനായ ഈശോയേ പാപിയായ എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ
ഈശോയുടെ തിരുഹൃദയമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.