നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ മനസ്സും ഹൃദയവും കഴുകി നിര്‍മ്മലമാക്കേണ്ടതുണ്ട്. ഇതിനേറ്റവും ആവശ്യമായിട്ടുള്ളത് കുമ്പസാരമാണ്. ലോക്ക് ഡൗണും കോവിഡും ഒക്കെ ചേര്‍ന്ന് നമ്മുക്ക് ആത്മീയമായ മാന്ദ്യം സമ്മാനിച്ചിട്ടുണ്ട് എന്നത് സത്യം. അതുകൊണ്ട് എന്തുകൊണ്ട് കുമ്പസാരിക്കണം, വിശുദ്ധ കുര്‍ബാന സ്വീകരിക്കണം, പള്ളിയില്‍ പോകണം എന്നൊക്കെ ചിന്തിക്കുന്നവര്‍ ധാരാളം.
പക്ഷേ നോമ്പുകാലത്ത് എന്നല്ല ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കുമ്പസാരം ഏറ്റവും അനിവാര്യമാണ്. പാപം ഏറ്റുപറയേണ്ടവരാണ് നമ്മള്‍. പാപം ഏറ്റുപറയാതിരുന്നപ്പോള്‍ സംഭവി്ക്കുന്നത് എന്ത് എന്നും പാപം ഏറ്റുപറഞ്ഞപ്പോള്‍ സംഭവിച്ചത് എന്ത് എന്നും സങ്കീര്‍ത്തനം 32: 3 മുതല്ക്കുളള തിരുവചനങ്ങളില്‍ പറയുന്നുണ്ട്.
ആ തിരുവചനങ്ങള്‍ ഇങ്ങനെയാണ്.
ഞാന്‍ പാപങ്ങള്‍ ഏറ്റുപറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരുന്നു, വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു. എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോട് ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു.
അതെ, പാപം ഏറ്റുപറയാതിരിക്കുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ കിടന്ന് നീറും. നമ്മെ അത് ദഹിപ്പിക്കും. ഒരു തലച്ചുമടുമായി മണിക്കൂറുകളോളം നില്ക്കുന്നതിന് തുല്യമാണ് അത്. ഇറക്കിവയ്ക്കുമ്പോള്‍ ആഹാ എന്തൊരു ആശ്വാസം. അതുതന്നെയാണ് കുമ്പസാരത്തിലൂടെയും ലഭിക്കുന്നത്. ആയതിനാല്‍ നമുക്ക് ഏറ്റവും അടുത്ത ദിവസം തന്നെ കുമ്പസാരിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.