ദൈവസ്വരം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നിട്ടും പലപ്പോഴും ദൈവസ്വരം കേള്‍ക്കാന്‍ നമുക്ക് കഴിയാതെ പോകുന്നു. എന്തുകൊണ്ടാണ് അത് എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
നമ്മുടെചില മനോഭാവങ്ങളാണ്, അല്ലെങ്കില്‍ നമ്മുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ് ദൈവസ്വരം കേള്‍ക്കുന്നതിന് നമുക്ക് മുമ്പില്‍ തടസമായി നില്ക്കുന്നത് എന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
അവ ഏതെല്ലാമാണെന്ന് നമുക്ക് പരിചയപ്പെടാം.
വെറുപ്പ്
അവജ്ഞയെന്നോ അനിഷ്ടമെന്നോ നീരസമെന്നോ വിദ്വേഷം എന്നോ എല്ലാം പറയപ്പെടുന്ന ഒരു വികാരമുണ്ടല്ലോ.അതാണ് ദൈവസ്വരം കേള്‍ക്കുന്നതിന് തടസമായി നില്ക്കുന്ന ഒരു ഘടകം. ഈ വെറുപ്പ് തന്നോട് തന്നെയാകാം. മറ്റുള്ളവരോടുമാകാം. ഏതെങ്കിലും തരത്തില്‍ ആരോടെങ്കിലും ഇത്തരം വികാരങ്ങളുള്ള ഒരാള്‍ക്ക് ദൈവസ്വരം കേള്‍ക്കാനാവില്ല.
പൊങ്ങച്ചം
താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുന്നവനെക്കുറിച്ച് തിരുവചനം പറയുന്നുണ്ടല്ലോ..എല്ലാം ദൈവകൃപയാണ് എന്ന് ഏറ്റുപറയുന്നതിന് പകരം എല്ലാം എന്റെ സ്വന്തം കഴിവില്‍ നേടിയതാണ് എന്ന് വിചാരിക്കുന്നിടത്തും ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ കഴിയില്ല.
പരാതികള്‍
ദൈവത്തോട് നിരന്തരം പരാതിപ്പെടുന്നവര്‍ക്ക് ദൈവസ്വരം ഒരിക്കലും കേള്‍ക്കാന്‍ കഴിയില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച അനിഷ്ടകരമായകാര്യങ്ങള്‍ക്കെല്ലാം ദൈവത്തിനെതിരെ പിറുപിറുക്കുന്നവരുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്നതിനെല്ലാം പരാതി പറയുന്നത് ഒരിക്കലും ഒരു നല്ല കാര്യമല്ല.
ഭയം
ഒരാള്‍ ഭയക്കുന്നത് അയാള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ഭയപ്പെടരുത് എന്ന താക്കീത് ബൈബിള്‍ പലയിടത്തും പറയുന്നുണ്ട്. ഏതു കൂരിരുട്ടിലും ദൈവം കൂടെയുണ്ട് എന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക്, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ സ്വരം കേട്ട് മുന്നോട്ടുപോകാനാവും
ആകുലതകള്‍
ടെന്‍ഷന്‍ എന്നാണെന്ന് തോന്നുന്നു ആകുലതയുടെ ഇന്നത്തെ പൊതു നാമം. എന്തിനും ഏതിനും ടെന്‍ഷന്‍. ഈ ടെന്‍ഷനുള്ളവര്‍ക്ക് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുമോ? ഒരിക്കലും ഇല്ല.
ഭൂതകാലം
ചിലരെയെപ്പോഴും ഭൂതകാലം വേട്ടയാടിക്കൊണ്ടിരിക്കും. കഴിഞ്ഞുപോയതിനെയോര്‍ത്ത് അവര്‍ക്കെപ്പോഴും വിഷമമായിരിക്കും. നിരാശതയായിരിക്കും. കഴിഞ്ഞത് കഴിഞ്ഞുപോയി. ഇനി അതിനെയോര്‍ത്തു ദു:ഖിക്കേണ്ട കാര്യമില്ല. അവയെ ദൈവകരങ്ങളില്‍ ഏല്പിച്ചതിന് ശേഷം ദൈവത്തിന്റെ സ്വരം കേള്‍ക്കാനായി കാതുകൊടുക്കൂ
മിഥ്യാസങ്കല്പങ്ങള്‍
ഉള്ളു പൊള്ളയായ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തവര്‍ക്ക് ദൈവസ്വരം കേള്‍ക്കാനാവില്ല. അവര്‍ ജീവിക്കുന്നത് വെറും മായികമായ ഒരു ലോകത്താണ്. അവിടെ അവര്‍ ദൈവസ്വരം അന്വേഷിക്കുന്നില്ല.
ഇനി ആത്മാര്‍ത്ഥമായി ആത്മശോധന നടത്തിനോക്കൂ.. എന്തുകൊണ്ടാണ് എനിക്ക് ദൈവസ്വരം കേള്‍ക്കാന്‍ കഴിയാത്തത്? ഈ ഘടകങ്ങള്‍ എല്ലാം എന്റെ ജീവിതത്തില്‍ എന്തുമാത്രമുണ്ട്?
Very good ideas…….I like Marian Ministry.More more like…..GOD’S..Words….Bible Scriptures…Very Good….God Bless Always……Amen..Amen