ചിലരുണ്ട് പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ മറുപടി നല്കും. കേള്‍ക്കാനോ മനസ്സിലാക്കാനോ ഉള്ള സമയമോ അവസരമോ നല്കില്ല. ഇങ്ങനെയായിരിക്കും കരുതിയിരിക്കുന്നത് എന്ന മട്ടിലാണ് ഇടയില്‍ കയറിയുള്ള ഈ പ്രത്യുത്തരങ്ങള്‍. ചില ബന്ധങ്ങളെങ്കിലും തകരുന്നതിന് കാരണവും ഇതുതന്നെയാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്കുന്നുണ്ട്.
കാര്യം ഗ്രഹിച്ചതിന് ശേഷം സംസാരിക്കുക. ( പ്രഭാഷകന്‍ 18:19) രോഗം പിടിപെടുന്നതിന് മുമ്പ് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക എന്ന് പ്രഭാഷകന്‍ തുടര്‍ന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രഭാഷകന്‍ ഇവിടെ പറയുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ആത്മീയമായി മാത്രമല്ല ഭൗതികമായി കൂടി നമുക്ക് ശ്രേയസും നന്മയും വരുത്തും.
ഇതാ പ്രഭാഷകന്റെ വാക്കുകള്‍: മകനേ നിന്റെ സല്‍പ്രവൃത്തികളില്‍ നിന്ദ കലര്‍ത്തരുത്. സമ്മാനം നല്കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്. ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്. വിദ്വേഷത്തോടെയുള്ള ദാനം കണ്ണിന്റെ തിളക്കം കെടുത്തുന്നു. നല്ല വാക്ക് വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേ. കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ? നല്ല വാക്ക് ദാനത്തെക്കാള്‍ വിശിഷ്ടമാണ്.( പ്രഭാ 18: 18)