ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രമുഖ മരിയോത്സവമായ ‘വാല്‍ത്സിങ്ങാം തീർത്ഥാടനം’ ജൂലൈ 20 ന്



വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങൾ പങ്കുചേരുന്നതുമായ മൂന്നാമത് വാല്‍ത്സിങ്ങാം തീർത്ഥാടനം  ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂർവ്വം കൊണ്ടാടുന്നു. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് തീർത്ഥാടന ശുശ്രുഷകൾ.

പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ  മംഗള വാർത്ത ശ്രവിച്ച ‘നസ്രത്തിലെ ഭവനം’ മാതൃഹിതത്തിൽ യു കെ യിലേക്ക് അത്ഭുതകരമായി പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുകയും യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രമാണ് വാല്‍ത്സിങ്ങാം.

ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍

ആഘോഷപൂർവ്വമായ സമൂഹ ബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അജപാലക ശ്രേഷ്‌ഠൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു തിരുന്നാൾ സന്ദേശം നൽകും. രൂപതയുടെ വികാരി ജനറാളുമാരായ ഫാ. ആൻറണിചുണ്ടിലക്കാട്ട്, ഫാ.ജോർജ്ജ് ചേലാട്ട്, ഫാ. ജിനോ അരീക്കാട്, ഫാ. സജി മലയിൽപുത്തൻപുര എന്നിവരോടൊപ്പം തിരുന്നാൾ സമൂഹ ബലിയിൽ സഹ കാർമ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി അജപാലന ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികരും പങ്കു ചേരും. പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈസ്റ്റ് ആംഗ്ലിയായിലെ കാനൻ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ്  മലയാളി മാതൃഭക്തർക്കായി രൂപം കൊടുത്ത് നേതൃത്വം നൽകി ഈസ്റ്റ് ആംഗ്ലിയാക്കാരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീർത്ഥാടനം ക്രമേണ യു കെ യിലെ മുഴുവൻ മാതൃഭക്തരും ഹൃദയത്തിൽ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തവും, നേതൃത്വവും, മാതൃ ഭക്തജന വൻ പങ്കാളിത്തവും, ഒപ്പം ആത്മീയ ഉത്സവ പകിട്ടുമായി ഔദ്യോഗികമായ രൂപവും ഭാവവും കൈവന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിലേക്കുള്ള തീർത്ഥാടന തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നത് എസക്സിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും മരിയൻ ഭക്തരുമായ കോൾചെസ്റ്റർ ഇടവക അംഗങ്ങളാണ്. ഈ മരിയോത്സവത്തെ അനുഗ്രഹ സാന്ദ്രമാക്കുവാൻ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും കോൾചെസ്റ്ററുകാരോടൊപ്പം മേൽനോട്ടം നൽകി കൂടെയുണ്ട്.

തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:

ടോമി പാറക്കൽ- 0788301329  നിതാ ഷാജി – 07443042946

അപ്പച്ചന്‍ കണ്ണഞ്ചിറ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.