‘
വിശുദ്ധ മറിയം ത്രേസ്യ തന്റെ ആത്മീയ മക്കളെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന കാര്യമാണ് തലക്കെട്ടായി നല്കിയിരിക്കുന്നത്. നിരന്തരം ദൈവസാന്നിധ്യത്തിലായിരുന്നു മറിയം ത്രേസ്യ ജീവിച്ചിരുന്നത്. അതുകൊണ്ടാണ് വിശുദ്ധയ്ക്ക് അക്കാര്യം മറ്റുള്ളവരോട് പറയാന്‍ സാധിച്ചത്.
അമ്മ ഇങ്ങനെയാണ് തന്റെ സന്യാസിനിമാരോട് പറഞ്ഞിരുന്നത്.
നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം കാണുന്നുണ്ടെന്നത് പ്രത്യേകം ഓര്‍ക്കണം. ദൈവം എല്ലാം കാണുന്നു എന്ന ചിന്ത എല്ലാ കാര്യങ്ങളും മനസ്സാക്ഷി അനുസരിച്ച് ചെയ്യുവാന്‍ സഹായകമാണ്. ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കാന്‍ ഈ അവബോധം നമ്മെ സഹായിക്കും. കര്‍ത്താവിന്റെ ജനനം, ജീവിതം, മരണം ഇവകളെപ്പറ്റി കൂടെക്കൂടെ ചിന്തിക്കണം. കൂടെക്കൂടെ ദൈവോര്‍മ്മ കാക്കണം. ദൈവത്തെക്കുറിച്ചുള്ള അറിവാണ് ഏറ്റവും വലിയ അറിവ്.
നിന്നില്‍ തന്നെ യാതൊന്നുംഇല്ലെന്നും നീ എല്ലാവരാലും താഴ്ത്തപ്പെടേണ്ടവളാണെന്നും വിചാരിച്ചുകൊണ്ട് എളിമ അഭ്യസിക്കാനായിരുന്നു മറ്റൊരു ഉപദേശം. എന്നെക്കൊണ്ടു യാതൊന്നും സാധ്യമല്ല. എല്ലാം സര്‍വ്വശക്തനായ ദൈവത്തിന്റേതാണെന്നും അവിടുന്ന് തന്നതുമാത്രമേ എനിക്കുള്ളൂവെന്നും ധ്യാനിച്ചുകൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
വിശുദ്ധ മറിയം ത്രേസ്യായുടെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. ആത്മീയതയെ ഇതനുസരിച്ച് നമുക്ക് പുതുക്കിപ്പണിയുകയും ചെയ്യാം.