തിരുവനന്തപുരം: ദൈവം കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ് ഡോ സൂസൈപാക്യമെന്നും വേദപുസ്തകത്തില്‍ നിന്ന് സാംശീകരിച്ച നന്മയാണ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യത്തിന്റേതെന്നും സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആര്‍ച്ച് ബിഷപ് സൂസൈപാക്യത്തിന്റെ പൗരോഹിത്യസുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാബലി മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ദൈവം ഒരുക്കിയ ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ് സൂസൈപാക്യം. സ്‌നേഹിതന്‍ യജമാനന്റെ മനസ്സ് സ്വന്തമാക്കുന്നു. കെസിബിസി അധ്യക്ഷനായിരുന്നപ്പോള്‍ സഭയെ കണ്ണിലെ കൃഷ്ണമണിപോലെ അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് അനുസ്മരിച്ചു.