പ്രഭാതത്തില്‍ നാം കേള്‍ക്കേണ്ടത് ടിവി/ റേഡിയോ വാര്‍ത്തകളാണോ.. പരദൂഷണമോ ഗോസിപ്പുകളോ ആണോ.. വാഗ്വാദങ്ങളോ അശ്ലീലഭാഷണങ്ങളോ ആണോ? നമ്മളില്‍ പലരുടെയും പ്രഭാതങ്ങള്‍ ഒരുപക്ഷേ അങ്ങനെയായിരിക്കും.
എന്നാല്‍ ഒരു ക്രൈസ്തവവിശ്വാസിയെന്ന നിലയില്‍ നമ്മള്‍ പ്രഭാതങ്ങളില്‍ കേള്‍ക്കേണ്ടത് അതൊന്നുമല്ല. മറിച്ച ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചാണ് നാം കേള്‍ക്കേണ്ടത്. സങ്കീര്‍ത്തനം 143:8 ആണ് നമുക്ക് ഇതേക്കുറിച്ച് വ്യക്തമായ പ്രബോധനം നല്കിയിരിക്കുന്നത്. പ്രസ്തുതവചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇപ്രകാരമാണ്.:
പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ. എന്തെന്നാല്‍ അങ്ങയിലാണ് ഞാന്‍ ആശ്രയിക്കുന്നത്.
ദൈവത്തെ ആശ്രയിക്കാന്‍, അവിടുത്തോട് ചേര്‍ന്നുനില്ക്കാന്‍ നമുക്ക് കരുത്തു ലഭിക്കുന്നത് അവിടുന്ന് നമ്മോട് ചെയ്തുതന്നിരിക്കുന്ന കാരുണ്യത്തെപ്പറ്റി മനസ്സിലാക്കുമ്പോഴാണ്. അല്ലെങ്കില്‍ ഒന്ന് പിന്തിരിഞ്ഞുനോക്കൂ, എത്രയോ മോശം സാഹചര്യങ്ങളെയാണ് നാം അഭിമുഖീകരിച്ചിട്ടുള്ളത്.. സാമ്പത്തികമായ കടബാധ്യതകള്‍. ദാരിദ്ര്യം, അപമാനം, ജോലിയില്ലായ്മ..
എന്നാല്‍ ഇന്ന് നാം എത്രയോ ഭേദപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. നമ്മുടെ കഴിവാണോ ഇതിന് കാരണം.. നമ്മുടെ അദ്ധ്വാനം മാത്രമാണോ.. അല്ല ദൈവത്തിന്റെ കാരുണ്യം. ദൈവം കരുണ കാണിച്ചപ്പോള്‍ ഇന്നലെത്തെ ചവര്‍പ്പുകളെല്ലാം മധുരമുള്ളതായി. കയ്പുകള്‍ ഇല്ലാതായി ഇന്ന് നമ്മെ നാലാള്‍ അറിയത്തക്കവിധത്തില്‍ തലയെടുപ്പുളളവരായി ദൈവം ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു.
ഇതല്ലേ കാരുണ്യം.. ഈ കാരുണ്യം നാം ഓരോ ദിവസവും അനുസ്മരിക്കാതെ പോകരുത്. അനുസമരിച്ചില്ലെങ്കില്‍ അത് നന്ദികേടായിരിക്കും. ദൈവത്തെ ആശ്രയിക്കാനും ചേര്‍ന്നുനില്ക്കാനും ഈ സ്മരണ ഏറെ സഹായിക്കുകയും ചെയ്യും.
അതുകൊണ്ട് ഓരോ പ്രഭാതത്തിലും നമുക്ക് ദൈവകരുണയെപ്പറ്റി ധ്യാനിക്കാം. കേള്‍ക്കാം.