കണ്‍വെട്ടത്തുനിന്നും അകലെയായി കഴിയുന്ന മക്കള്‍ക്ക് ദൈവിക സംരക്ഷണം ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ, ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ

മക്കള്‍ അടുത്തുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആശ്വാസമാണ്. അവര്‍ക്ക് നല്കാന്‍ കഴിയുന്ന സംരക്ഷണത്തിനു പരിധിയുണ്ടെങ്കില്‍പോലും. ഒന്നുമല്ലെങ്കിലും മക്കള്‍ കണ്‍വെട്ടത്തുണ്ടല്ലോ. ഇതാണ് സാധാരണക്കാരായ മാതാപിതാക്കളുടെ മട്ട്.

എന്നാല്‍ ഇപ്പോഴത്തെസാഹചര്യത്തില്‍ ഒരു പ്രായം കഴിഞ്ഞാലോ ഒരു പരിധിയിലേറെയോ മാതാപിതാക്കള്‍ക്ക് മക്കളെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ കഴിയാറില്ല. ഉന്നതപഠനം, ജോലി, വിവാഹം ഇങ്ങനെ പലപല കാരണങ്ങളുണ്ട് മക്കള്‍ അകന്നുപോകാനായിട്ട്. പക്ഷേ അപ്പോഴും സ്‌നേഹമുള്ള മാതാപിതാക്കളുടെ മനസ്സില്‍ മക്കളെയോര്‍ത്ത് വേദനയും ഉത്കണ്ഠയുമുണ്ടായിരിക്കും. അവരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേയെന്ന് പ്രാര്‍ത്ഥനയുണ്ടായിരിക്കും.

ഇങ്ങനെ അകലെയായി കഴിയുന്ന മക്കളെയോര്‍ത്ത് തീ തിന്നു കഴിയുന്ന മാതാപിതാക്കള്‍ ദൈവത്തില്‍ ആശ്രയം കണ്ടെത്തുകയും അവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യേണ്ടത്. അതിന് ഏറ്റവും സഹായകമായ വചനമാണ് തോബിത്തിന്റെ പുസ്തകത്തിലേത്.

ഒരു നല്ല ദൂതന്‍ അവനോടൊത്ത് പോകും. അവന്റെ യാത്ര മംഗളകരമായിരിക്കും. സുഖമായി അവന്‍ മടങ്ങുകയും ചെയ്യും( തോബിത്ത് 5;21)

തോബിത്ത് തനിക്ക് തിരികെകിട്ടാനുളള പണം വാങ്ങിക്കൊണ്ടുവരാനായി മകന്‍ തോബിയാസിനെ ദൂരെ ഒരു സ്ഥലത്തേക്ക് യാത്ര അയ്ക്കുന്നതും തോബിയാസ് സുരക്ഷിതനായി തിരികെ വരുന്നതുമായ ഒരു രംഗമാണ് ഈ വചനഭാഗത്തുള്ളത്. മകനെ അത്രയും ദൂരേയ്ക്ക് അയ്ക്കാന്‍ അമ്മ വിസമ്മതം രേഖപ്പെടുത്തുമ്പോള്‍ തോബിത്ത് ഭാര്യയെ ആശ്വസിപ്പിക്കുന്നത് മേല്പ്പറഞ്ഞ വചനം പറഞ്ഞാണ്.

ഈ വചനം മാതാപിതാക്കളെന്ന നിലയില്‍ നമുക്ക് ഹൃദിസ്ഥമാക്കാം. സ്‌കൂളിലേക്കേ കളിക്കളത്തിലേക്കോ ഷോപ്പിംങിനോ തീയറ്ററിലോ ഒക്കെ പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ പോലും മക്കള്‍ക്കായി ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ പൊന്നുമക്കളെ സുരക്ഷിതമായി തിരികെയെത്തിക്കും. ഒരു പോറല്‍ പോലും അവരുടെ ദേഹത്ത് വീഴുകയുമില്ല.ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.