ദൈവം എല്ലായിടത്തും സന്നിഹിതനാണെന്ന് നമുക്കറിയാം. അവിടുന്ന് ദേവാലയങ്ങളിലെ സക്രാരിയിലും അള്‍ത്താരകളിലുമെല്ലാം ഉണ്ടെന്നും നമുക്കറിയാം.
എന്നാല്‍ ദൈവത്തെ നമുക്ക് ആത്മാവില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടോ. പലപ്പോഴും ദൈവത്തെ അനുഭവിക്കാന്‍ നമുക്ക് വിഘാതമായി നില്ക്കുന്നത് നമ്മിലെ പാപങ്ങളാണ്.ലൗകികവിചാരങ്ങളും ജഡികാസക്തികളുമാണ്. ദൈവത്തിന് വേണ്ടി ഹൃദയകവാടങ്ങള്‍ തുറന്നിടുകയാണെങ്കില്‍ അവിടുന്ന് നമ്മിലേക്ക് കടന്നുവരും. അവിടുത്തെ ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളില്‍ നിറയ്ക്കും.
ഇതാ അതിന് വേണ്ടിയുള്ള ചെറിയൊരു പ്രാര്‍ത്ഥന:
ദൈവമായ കര്‍ത്താവേ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെയുള്ള ശാന്തിയും സമാധാനവും എന്റെ ഹൃദയത്തില്‍ നിറയ്ക്കണമേ. അവിടുത്തെ കൃപകളാല്‍ എന്നെ സമ്പന്നനാക്കണമേ. നിനക്ക് പ്രവേശിക്കാനും വസിക്കാനും യോഗ്യമായ വിധം എന്റെ ഹൃദയത്തെ നീ ഒരുക്കിയെടുക്കണമേ.
നിനക്ക് വസിക്കാന്‍ യോഗ്യമല്ലാത്ത യാതൊന്നും എന്റെ ഹൃദയത്തില്‍ ഉണ്ടായിരിക്കരുതേ. ബാഹ്യമായ യാതൊന്നും എന്റെ ഹൃദയത്തില്‍ കുടികൊള്ളാതിരിക്കട്ടെ. ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ എന്റെ ഹൃദയത്തില്‍ നിന്നെ അടുത്തറിയാനും നിന്റെ സാന്നിധ്യത്തില്‍ ജീവിക്കാനും കഴിയത്തക്കവിധം എന്റെ ഹൃദയത്തിന് സ്വര്‍ഗ്ഗത്തിന്റെ അനുഭവം നല്കണമേ.
ദൈവമേ എന്റെഇഷ്ടങ്ങളല്ല ഇനിമേല്‍ നിന്റെ ഇഷ്ടങ്ങള്‍ എന്നില്‍ നിറവേറട്ടെ. നീയെന്നെ ഒരുനാളും വിട്ടുപോകരുതേ. ആമ്മേന്‍