വിവിധ കാര്യങ്ങള്‍ക്കും വിവിധ രീതിയിലും വിവിധ സമയങ്ങളിലും പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളില്‍ എത്ര പേര്‍ക്ക് ദൈവാനുഭവം ഉണ്ടാകുന്നുണ്ട്? ദൈവികസാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നുണ്ട്?
സ്വന്തം ആവശ്യങ്ങള്‍ സാധിച്ചുകിട്ടണം എന്നതിനപ്പുറം ദൈവികമായ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകണം എന്നത് നമ്മില്‍ പലരും ആഗ്രഹിക്കാറില്ലെന്ന് തോന്നുന്നു. ദൈവം നമ്മുടെ കൂടെ എപ്പോഴും ഉണ്ട്. നമ്മുടെ ഓരോ പ്രവൃത്തികളും അവിടുന്ന് കാണുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കായി മുറി അടച്ച് നാം ഇരിക്കുമ്പോല് നമ്മുടെ മുറിയില്‍, സമീപത്ത് നമ്മെ നോക്കിക്കൊണ്ട് കരുണയും സ്നേഹവും നിറഞ്ഞ മിഴികളോടെ ദൈവവുമുണ്ട്.
ഇത്തരമൊരു ചിന്ത, ആഴപ്പെട്ട ആത്മീയാവബോധം ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന കുറെക്കൂടി ആത്മാര്ത്ഥമാകും. ദൈവികസാന്നിധ്യത്തിലാവും. അപ്പോള്‍ ആഗ്രഹിച്ചുകിട്ടാതെ വരുമ്പോള്നിരാശയോ, മറ്റൊരാളുടെ പ്രവൃത്തി മൂലമാണ് ഉയര്‍ച്ച കിട്ടാതെ പോയത് എന്ന ചിന്തയോ ഉള്ളിലേക്ക് കടന്നുവരികയില്ല.
ദൈവം എന്നെ കാണുന്നുണ്ട്, ദൈവം എന്റെ അരികിലുണ്ട്, ദൈവം എന്റെ വിചാരങ്ങള്‍ അറിയുന്നുണ്ട് ഇങ്ങനെ നാം വിശ്വസിക്കണം. അവിടുത്തോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയുമാവാം.
ഓ എന്റെ ദൈവമേ, ഈ നിമിഷം അവിടുത്തെ കണ്ണുകള്‍ എന്റെ മേല്‍ പതിച്ചിരിക്കുകയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. മാലാഖമാര്‍ അനവരതം വാഴ്ത്തി സ്തുതിക്കുന്ന അങ്ങയുടെ ഒരു കടാക്ഷം പോലും പതിയാന്‍ ഞാന്‍ യോഗ്യനല്ല.
കാരണം ഞാന്‍ പാപിയും നിസ്സാരനുമാണ്. എന്നിട്ടും അവിടുന്ന് ഈ നേരങ്ങളില്‍ എന്റെ കൂടെയായിരിക്കാന്‍ മനസ്സ് കാണിക്കുന്നു. ദൈവമേ എന്റെ പാപങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. ഓ ദിവ്യപ്രകാശമേ, ഓ ദിവ്യജ്ഞാനമേ എന്റെ ജീവിതത്തെ പ്രകാശിപ്പിക്കണമേ അവിടുത്തെ ദിവ്യസ്നേഹത്താല്‍ എന്നെ പൊതിയണമേ. അവിടുത്തെ സാന്നിധ്യം എന്നെ ഒരിക്കലും വിട്ടുപോകരുതേ. ആമ്മേന്‍.
Please pray for my son to get a good proposal.thank you lord.