വത്തിക്കാന്‍ സിറ്റി: വിവാഹത്തെ സംബന്ധിച്ച കത്തോലിക്കാസഭയുടെ നിലപാട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചുറപ്പിച്ചു. വിവാഹമെന്നാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളതാണെന്ന് പാപ്പ ഒരിക്കല്‍കൂടി വ്യക്തമാക്കി. മുപ്പത്തിനാലാമത് അപ്പസ്തോലികയാത്ര അവസാനിപ്പിച്ച് വത്തിക്കാനിലേക്ക് മടങ്ങിവരവെ വിമാനത്തില്‍ വച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് പാപ്പ ഇക്കാര്യം ആവര്‍ത്തിച്ചത്.
കര്‍ത്താവ് സ്ഥാപിച്ച കൂദാശകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഭയ്ക്ക് അധികാരമില്ല. വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യം പുലര്‍ത്തുന്ന ആളുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന സിവില്‍ നിയമങ്ങള്‍ നിലവിലുണ്ട്. അത് ആവശ്യവുമാണ്. എന്നാല്‍ സഭയുടെ സ്വഭാവത്തിനും നിയമങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ സഭയില്‍ അടിച്ചേല്പിക്കാന് ശ്രമിക്കാതെയാകണം അങ്ങനെയുളള സഹായങ്ങള്‍ ചെയ്യേണ്ടത്.
രാജ്യങ്ങള്‍ സഭയോട് അവളുടെ ഔദ്യോഗികമായ സത്യങ്ങള്‍ നിഷേധിക്കാന്‍ ആവശ്യപ്പെടരുത്. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നുണ്ട്. സ്വവര്ഗ്ഗതാല്പര്യമുള്ള നിരവധി ആളുകള്‍ കുമ്പസാരം വഴിയും മറ്റും ഉപദേശം തേടാറുണ്ടെന്നും പുരോഹിതര്‍ അവരെ സഹായിക്കാറുണ്ടെന്നും പാപ്പ പറഞ്ഞു. പക്ഷേ വിവാഹം എന്ന കൂദാശ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളതാണ്. പാപ്പ ആവര്‍ത്തിച്ചു.