ഒക്ടോബർ 03: വി. ഫ്രാൻസീസിന്റെ മരണാനുസ്മരണം
ഒരു മനുഷ്യന് യാതൊരുവിധ പരാതികളും പരിഭവങ്ങളും കൂടാതെ മരണത്തെ സന്തോഷത്തോടെ സഹോദരി എന്ന് വിളിച്ച് കാത്തിരിക്കാനും സ്വാഗതം ചെയ്യാനും സാധിക്കുമോ? സാധിക്കും എന്ന ജീവിതസാക്ഷ്യം നമുക്ക് നൽകി കടന്നുപോയ മനുഷ്യനാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസ്. അസ്സീസിയിലെ ഫ്രാൻസീസിനെക്കുറിച്ച് ഞാൻ കേട്ടനാൾ മുതൽ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഇദ്ദേഹത്തിനെങ്ങനെ മരണത്തെ ഭയപ്പെടാതെ സഹോദരി എന്ന് വിളിച്ച് സ്വാഗതം ചെയ്യാൻ കഴിഞ്ഞു എന്നത്.
എന്റെ അറിവിൽ നമ്മുടെ കർത്താവീശോമിശിഹായുടേതല്ലാതെ മരണത്തെ ലോകമെമ്പാടും ആഘോഷിക്കുന്നത് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റേത് മാത്രമാണ്. ഫ്രാൻസീസിന്റെ ചൈതന്യത്താൽ ആകൃഷ്ടരായി ഫ്രാൻസീസ്കൻ എന്ന പേരിൽ അറിയപ്പെടുന്ന ലോകമെമ്പാടുമുള്ള എല്ലാവരും, ഒക്ടോബർ മൂന്നാം തിയതി വൈകുന്നേരം, തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻസീസിന്റെ മരണം പ്രാർത്ഥനാപൂർവം ആഘോഷിക്കുക പതിവാണ്.
വി. ഫ്രാൻസീസിന്റെ മരണാനുസ്മരണം അറിയപ്പെടുന്നത് ട്രാൻസിത്തൂസ് (Transitus) എന്നപേരിലണ്.
കടന്നുപോകൽ എന്നാണീ വാക്കിനർത്ഥം. മണ്ണിന്റെ നിസ്സാരതയിൽ നിന്നും വിണ്ണിന്റെ അനശ്വരതയിലേക്കാണീ കടന്നുപോകൽ. ഭൂരിപക്ഷംപേരും മരണത്തെ ഭയപ്പെടുമ്പോൾ അല്ലെങ്കിൽ മരിക്കാതിരിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുമ്പോൾ, ഇതാ ഫ്രാൻസീസ് എന്ന മനുഷ്യൻ എത്ര ഹൃദ്യമായാണ് മരണത്തെ തന്റെ അരികിലേക്ക് ക്ഷണിക്കുന്നത് എന്ന് നോക്കൂ. അതാണീ മരണാനുസ്മരണത്തിന് മാറ്റ് കൂട്ടുന്ന പ്രധാന ഘടകവും.
എന്തിനാണ് എല്ലാ വർഷവും ഫ്രാൻസീസ്കൻ സമൂഹത്തിൽപ്പെട്ടവർ ഈ മരണാനുസ്മരണം/കടന്നുപോകൽ ഇത്ര ആഘോഷപൂർവം നടത്തുന്നത്? പലതരത്തിലുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും ഫ്രാൻസീസിന്റെ മരണാനുസ്മരണം ആഘോഷമായി നടത്തുന്നവർക്ക് പറഞ്ഞുതരാനുണ്ടാകും. ലഭിക്കുന്ന വിശദീകരണങ്ങൾ മിക്കതും തൃപ്തികരവുമായിരിക്കും. ഫ്രാൻസീസ്കൻ കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഞാൻ, അവൻ ജീവിച്ച ഇടങ്ങളിലൂടെ നടത്തിയിട്ടുള്ള ചില യാത്രകളും, അതുപോലെ, വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ഫ്രാൻസീസും അവന്റെ ജീവിതവും തന്നെയാണ് എനിക്കും ഈ കടന്നുപോകലിനെ ഇത്ര ആഘോഷമാക്കനുള്ള കാരണമായി മുൻപിലുള്ളത്. ഈ ചെറിയ മനുഷ്യന്റെ കടന്നുപോകലിൽ ധാരാളം കാര്യങ്ങൾ ഉൾചേർന്നിട്ടുണ്ട് എന്നാണ് എനിക്ക് ഇതിലൂടെയെല്ലാം മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാടമ്പിയാകാനുള്ള ആഗ്രഹത്തോടുകൂടി യുദ്ധത്തിനുപോകുന്നവൻ കേൾക്കുന്ന ആരെ സേവിക്കുന്നതാണുത്തമം യജമാനനെയോ ഭൃത്യനെയോ എന്ന ചോദ്യവും, അതിന് നൽകുന്ന ഉത്തരവും, പിന്നീട് സാൻഡാമിയാനോ ദൈവാലയത്തിലെ ക്രൂശിതനുമായുള്ള കണ്ടുമുട്ടലും എല്ലാം ഫ്രാൻസീസെന്ന മനുഷ്യന്റെ കടന്നുപോകലിന് തുടക്കം കുറിക്കലായിരുന്നു.
1226 ഒക്ടോബർ മൂന്നിന് തന്റെ മണ്ണിലെ ജീവിതം ഫ്രാൻസീസ് പൂർത്തിയാക്കി എന്ന് രേഖപ്പെടുത്തുമ്പോൾ, ഈ മനുഷ്യൻ അവന്റെ വഴികളിലൂടെ ഈശോയെ അനുഗമിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ജീവിച്ചുകാണിച്ച മാതൃകയെ ധ്യാനിക്കുന്ന സമയംകൂടിയാണ് ഈ മരണാനുസ്മരണം.
കുറേയേറെ മരണങ്ങളുടെ പൂർത്തീകരണമാണ് മണ്ണിലെ മനുഷ്യന്റെ മരണമെന്ന് പറയാറുണ്ട്. അസ്സീസിയിലെ ഫ്രാൻസീസിനെ സംബന്ധിച്ച് ഇത് സത്യമാണ്. മരിക്കുമ്പോഴാണ് ജനിക്കുക എന്ന ഫ്രാൻസീസ്കൻ സൂക്തം അന്വർത്ഥമാക്കപ്പെട്ട ജീവിതമായിരുന്നു അവൻ സ്വന്തമാക്കിയത്. ധനികനാകാനുള്ള അവന്റെ ആഗ്രഹം ഉപേക്ഷിച്ചപ്പോൾ അവൻ ദരിദ്രനായി ജനിച്ചു. ധനികന്റെ മകനായി സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്ന ഫ്രാൻസീസ് ഭക്ഷണത്തിനായി ഭിക്ഷാടകനായി അതേ ഇടങ്ങളിൽ യഥാർത്ഥ ദരിദ്രനായി സന്തോഷത്തോടെ ജീവിച്ചു.
ആഡംഭരവും യുവത്വത്തിന്റേതായ ആഘോഷവുമെല്ലാം വേണ്ടായെന്നുവയ്ക്കാൻ യാതൊരു വൈമനസ്യവുമില്ലായിരുന്നു. തന്നേക്കാൾ താഴ്ന്നവരേയും കുഷ്ഠരോഗികളേയും അവഗണിച്ചിരുന്നവൻ ഇല്ലാതായപ്പോൾ, അവരിൽ ക്രിസ്തുവിനെകണ്ട് പുണരാനും ശുശ്രൂഷിക്കാനുമുള്ള തുറവിയിലേക്ക് ഫ്രാൻസീസ് ജനിച്ചു.
അപരനെ ശത്രുവിനെപ്പോലെ കണ്ടിരുന്ന അവന്റെ അഹം മരിച്ചപ്പോൾ, എല്ലാവരേയും സഹോദരരായി ചേർത്തുപിടിക്കുന്ന വിശുദ്ധിയിലേക്കവൻ ജനിച്ചു. അതുകൊണ്ടാണ് സഭ കുരിശുയുദ്ധം നടത്തിയ കാലത്ത് വെറുപ്പിന്റേയും പകയുടേയും പകരംവീട്ടലിന്റേയും പാതകൾക്ക് പകരം, കൈവശം ആയുധങ്ങളൊന്നുമില്ലാതെ സമാധാന ദൂതനായി സുൽത്താന്റെ കൊട്ടാരത്തിൽ പോകുവാനും അദ്ദേഹത്തെ ആശ്ളേഷിക്കുവാനും അവരിലെ നല്ല കാര്യങ്ങൾ സ്വീകരിക്കാനുമൊക്കെ ഫ്രാൻസീസിന് കഴിഞ്ഞത്.
സ്വന്തം തോന്നലുകളെല്ലാം ശരികളായി സ്ഥാപിച്ചെടുക്കാൻ പലരും മിനക്കെടുമ്പോൾ ഇതാ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി ഈ മനുഷ്യൻ എല്ലാവരേയും മനസിലാക്കാൻ ശ്രമിക്കുന്നത് ഇവിടെ നമുക്ക് കാണാനാകും.
മണ്ണിലെ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഫ്രാൻസീസ് ആത്മീയമായി കടന്നുപോയവനാണ്. ഏതെല്ലാം കാര്യങ്ങളാണോ തന്നിൽ നന്മയല്ലാത്തത്, ഏതെല്ലാം കാര്യങ്ങളാണോ അപരന് നോവായും ഇടർച്ചയായും മാറാൻ സാധ്യതയുള്ളത് അതിലെല്ലാം അവൻ മരിച്ച് അതിന്റെ വിപരീതമായ നന്മയിൽ പുനർജനിച്ചതിന്റെ ശേഷിപ്പാണാ ജീവിതം. അങ്ങനെ പടിപടിയായി മണ്ണിലെ എല്ലാകാര്യങ്ങളിലും മരിക്കുകയും ഉയിർക്കുകയും ചെയ്തവൻ, തനിക്ക് എല്ലാമായ ഈശോയുടെ പക്കലേക്ക്, നിത്യതയിലേക്ക്, പൂർണമായി ഒന്നാക്കപ്പെട്ട മരണം കൈവരിച്ച ദിവസമാണിന്ന്.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ സ്വർഗപ്രവേശനത്തെ ഒരുവേളകൂടി ലോകത്തെല്ലായിടത്തുമുള്ള ഫ്രാൻസീസ്കൻ സമൂഹങ്ങൾ അനുസ്മരിക്കുമ്പോൾ, ഫ്രാൻസീസിന്റെ ഈ കടന്നുപോകൽ എത്രമാത്രം ആത്മാർത്ഥമായി ഹൃദയത്തിൽ തൊടുന്നുണ്ട് എന്ന പരിശോധന ഉചിതമായിരിക്കും എന്ന് തോന്നുന്നു.
“മരണത്തിലൂടെ പിറക്കുന്നു മർത്യർ,മായാതെ മറയാതെ നിത്യകാലം…”
ഫ്രാൻസീസിന്റേതുപോലുള്ള കടന്നുപോകലിന് വിധേയരാകുന്നവർ, മണ്ണിൽ നിന്നും കടന്നുപോയി എത്രകാലം കഴിഞ്ഞാലും മറവിലേക്ക് തള്ളപ്പെടുകയില്ല. കാരണം, അവർ ഫ്രാൻസീസിനെപ്പോലെ തിരുത്തലുകൾ വരുത്തി പുതുപിറവി നേടിയാണ് മുന്നേറുന്നത്.
പോൾ കൊട്ടാരം കപ്പൂച്ചിൻ