നമ്മെ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. എന്നാല്‍ എല്ലാവരും ഇക്കാര്യം മനസ്സിലാക്കുന്നില്ല. അവരുടെ ചിന്ത ഒരു പ്രശ്നം വരുമ്പോള്‍ ആ പ്രശ്നം അതിന്ററെ അവസാനമാണ് എന്നാണ്. അതുകൊണ്ട് അവര്‍ ആ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ച് പരിഹാരം കണ്ടെത്താന്‍ കഴിയാതെ മരണത്തെക്കുറിച്ചുപോലും ചിന്തിക്കുന്നു. പക്ഷേ വിശുദ്ധ ഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ നാം മനസ്സിലാക്കുന്നു എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട് ദൈവവചനത്തിന്റെ ആത്മാവ് നമ്മുടെ ആത്മാവിന് പറഞ്ഞുതരുന്ന ഒരു ആത്മീയസത്യമാണ് അത്.
എന്തിനാണ് കൂടെക്കൂടെ പ്രാര്‍ത്ഥിക്കുന്നത്?. നമ്മെ അലട്ടുന്ന പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയുടെ രൂപത്തില്‍ നാം കൊടുക്കുമ്പോഴാണ് ദൈവം ആ ആഗ്രഹത്തെ ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത്. നിന്റെ ഭാരം ദൈവത്തെ ഏല്പിക്കണം. എന്നെ അലട്ടുന്ന പ്രശ്നം എന്താണോ അത് ദൈവത്തിന്റെ കൈകളിലേക്ക് കൊടുക്കണം.
ഉദാഹരണത്തിന് എനിക്ക് ഒരാള്‍ക്ക് ആയിരം രൂപ കൊടുക്കണം. അത് ഞാന്‍ ഒരാളെ ഏല്പിച്ചു. പക്ഷേ ആ ആയിരം രൂപ ഞാന്‍ ഉദ്ദേശിച്ച ആള്‍ക്ക് എത്തിച്ചു കൊടുത്ത് അയാളുടെ കയ്യില്‍ കിട്ടിയാല്‍ മാത്രമേ പണം കിട്ടി എന്ന് പറയാന്‍ കഴിയൂ. ഇതുപോലെയാണ് പ്രാര്‍ത്ഥനയുടെ കാര്യവും. പ്രാര്‍ത്ഥനാവിഷയം അല്ലെങ്കില്‍ പ്രശ്നം ദൈവത്തിന്റെ കൈയിലേക്ക് വച്ചുകൊടുത്താല്‍ മാത്രമേ ദൈവത്തിന് അതില്‍ ഇടപെടാനാവൂ, പരിഹരിക്കാനാവൂ, ദൈവത്തിന്റെ കൈയിലേക്ക് പ്രശ്നം വച്ചുകൊടുക്കുന്നതാണ് പ്രാര്‍ത്ഥന.
വിശ്വാസത്തെ അലട്ടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ജോലിയില്ലായ്മ, കുടുംബത്തിലെ അസമാധാനം, ഇതെല്ലാം ചില പ്രശ്നങ്ങളാണ്. എക്സ്പീരിയന്‍സ് നമ്മെ എല്ലായ്പ്പോഴും സഹായിക്കണം എന്നില്ല. എല്ലാ കാലത്തും എല്ലാ നേരത്തും അനുഭവസമ്പത്ത് നമ്മുടെരക്ഷയ്ക്കെത്തില്ല. ഈശോ കടലിനെ ശാന്തമാക്കുന്ന ബൈബിളിലെ ആ ഭാഗം ഓര്‍മ്മയിലേക്ക് കൊണ്ടുവരിക. കടലിനോട് പോരടിച്ച് വളര്‍ന്നവരായിരുന്നു ഈശോയുടെ ശിഷ്യന്മാര്. എന്നിട്ടും കൊടുങ്കാറ്റില്‍ അവര്‍ ഭയചകിതരായി എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. പക്ഷേ അവര്‍ നിലവിളിച്ച് സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ക്രിസ്തു ആ പ്രശ്നത്തില്‍ ഇടപെട്ടു. ആ പ്രാര്ത്ഥനാനിയോഗത്തിന്മേല് ദൈവത്തിന്റെ ശക്തി ദൈവം പ്രയോഗിച്ചു.
പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ട്. നമ്മുടെ പ്രശ്നത്തെ പ്രാര്‍ത്ഥനയുടെ രൂപത്തില്‍ ദൈവത്തിന്റെ കൈകളിലേക്ക് കൊടുക്കുക. ഇസ്രായേല്‍ ജനത ദൈവത്തിന്റെ പ്രിയപ്പെട്ടവരായിരുന്നു. പക്ഷേ അവര്‍ നിലവിളിച്ച് പ്രാര്ത്ഥിച്ചപ്പോഴായിരുന്നു ദൈവത്തിന്റെ കരം ചലിക്കാന്‍ പോലും തുടങ്ങിയത്. നമ്മെ അലട്ടുന്ന പ്രശ്നങ്ങള്‍ നമ്മെ കൊണ്ടുപോകില്ല. എന്നാല്‍ ആ പ്രശ്നത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഇടപെടും. നമ്മെ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ പക്കല്‍ ഉത്തരമുണ്ട്.
പ്രശ്നത്തിന്റെ മുമ്പില്‍ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ആ ചിന്ത പോലും പിശാച്കൊണ്ടുവരുന്നതാണ്. പഴയ നിയമത്തിലെ ഹന്നായെക്കുറിച്ച് ആലോചിക്കൂ. ഹന്നായെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നത്തിന്റെ മേല്‍ ദൈവം ഇടപെടുന്നതായി നാം അവിടെ വായിക്കുന്നുണ്ട്. അതിന് മുമ്പ് എത്രയോ തവണ ഹന്ന തന്റെ പ്രശ്നത്തെയോര്ത്ത് കരയുകയോ പരിതപിക്കുകയോ ചെയ്തിട്ടുണ്ടാവാം. പക്ഷേ അപ്പോഴൊന്നും ഹന്നാ ആ പ്രശ്നം ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുന്നില്ല. എന്നാല്‍ എപ്പോള്‍ എങ്ങനെയാണോ അവള് ദൈവത്തിന്റെ കൈകളിലേക്ക് തന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നത്തെ സമര്പ്പിച്ചുകൊടുത്തത് ആ നിമിഷം മുതല്‍ ദൈവം ആ പ്രശ്നത്തിന്മേല് ഇടപെടാന്‍ തുടങ്ങി.
ദൈവത്തിന്റെ കൈകളിലേക്ക് പ്രശ്നം സമര്പ്പിച്ചുകൊടുക്കേണ്ടത് എങ്ങനെയാണ്? ഈശോയെ അങ്ങ് മരിച്ചത് എനിക്കുവേണ്ടിയാണെങ്കില്, അവിടുന്ന് എനിക്ക് വേണ്ടി ചാട്ടവാറടിയേറ്റെങ്കില്, എനിക്കുവേണ്ടിയാണ് കുരിശുചുമന്നതെങ്കില് ആ സ്നേഹത്തിന്റെ പേരില്‍ ഞാന്‍ ഈ പ്രശ്നത്തെ നിന്റെ കൈകളിലേക്ക് വച്ചുതരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നത്തെ ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുക. ദൈവം നി്ശ്ചയമായും അതില്‍ ഇടപെടുക തന്നെ ചെയ്യും.
ഓരോ ദൈവചനത്തിന്റെ അകത്തും എനിക്കുള്ള ദൈവാനുഗ്രഹമാണ് ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് മനസ്സിലാക്കണം. നമ്മുടെ പ്രശ്നങ്ങള്‍ക്ക് ദൈവത്തിന്റെ പക്കല്‍ ഉത്തരമുണ്ട്. ദൈവം നമ്മോട് കാണിച്ച സ്നേഹത്തെ പ്രതി പ്രാര്‍ത്ഥിക്കുക. എനിക്ക് മനസ്സുണ്ട് നിന്നെ സുഖമാക്കാന്‍ എന്നാണ് ക്രിസ്തു പറയുന്നത്.
കുടുംബ സമാധാനക്കേടും രോഗങ്ങളും പോലെ നമ്മെ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും എല്ലായിടത്തും പരിഹാരമില്ല. വലിയ രോഗങ്ങളുടെ മുമ്പില്‍, സൗഖ്യപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങള്‍ക്ക് മുമ്പില്‍ വലിയ ആശുപത്രികളും വലിയ ഡോക്ടര്‍മാരും പറയും ഞങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ല പ്രാര്‍ത്ഥിക്കുക മാത്രമേ രക്ഷയുള്ളൂ എന്നാണ്. അതുകൊണ്ട് ഏതു പ്രശ്നത്തിന്റെ മുന്‍പിലും ദൈവത്തോട് സഹായം അഭ്യര്‍ത്ഥിക്കുക. പ്രശ്നത്തെ ദൈവത്തിന്റെ കൈയിലേക്ക് വച്ചുകൊടുക്കുക.