മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതം: അറിയാത്ത സത്യങ്ങള്‍; അറിയേണ്ടതും

   ഇന്ന് ഏപ്രില്‍ 23

ഫാ. ജെയിംസ് മഞ്ഞാക്കല്‍ എംഎസ് എഫ്എസ് കര്‍ത്താവിന്റെ അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യാന്‍ ആരംഭിച്ചിട്ട് 48 വര്‍ഷം പൂര്‍്ത്തിയായ ദിവസം. ആര്‍ച്ച് ബിഷപ് പവ്വത്തിലിന്റെ കൈവയ്പ് വഴി ഇന്നേ ദിവസമായിരുന്നു ജെയിംസച്ചന്‍ അഭിഷിക്തനായത്.

ആദ്യമായി വൈദികനായപ്പോള്‍ ഉണ്ടായ അതേ തീക്ഷ്ണതയും ആത്മാക്കളെ തേടിയുള്ള അന്വേഷണവും 48 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അച്ചന്‍ തുടരുന്നു. ഒട്ടും കുറയാതെയും ഒരുപക്ഷേ ഇത്തിരി കൂടുതലായും. കാരണം 74 വയസിനിടയില്‍( ഏപ്രില്‍ 18 നായിരുന്നു അച്ചന്റെ 74 ാം പിറന്നാള്‍) അച്ചന്‍ വചനം പ്രസംഗിക്കാത്ത ദേശങ്ങളില്ല. കഴിഞ്ഞ നാല്പത്തിയാറ് വര്‍ഷമായി ഒര ുദിവസം പോലും അവധിയെടുക്കാതെ വചനം പ്രഘോഷിക്കുന്ന മറ്റൊരു വൈദികന്‍ ഉണ്ടോയെന്നറിയില്ല. പക്ഷേ എന്തായാലും ജെയിംസച്ചന്‍ അങ്ങനെയാണ്.

ഇപ്പോള്‍ ജര്‍മ്മനിയിലായിരിക്കുന്ന അച്ചന്‍ ഈ കൊറോണക്കാലത്തും ഓണ്‍ലൈനായി വചനം പ്രസംഗിക്കുന്ന തിരക്കിലാണ്.  കൊറോണ വൈറസിനെതിരെ ദിവ്യകാരുണ്യപ്രദക്ഷിണവുമായി  ജര്‍മ്മനിയിലെ വിജനമായ തെരുവീഥികളിലൂടെ വാഹനത്തില്‍ അച്ചന്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ അടുത്തയിടെ വൈറലായിരുന്നു.വചനം പ്രസംഗിക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിലുണ്ടാകരുതെന്ന് അച്ചന് നിര്‍ബന്ധമുണ്ട്.

മരണത്തിന്റെ തീരത്തു നിന്ന്  ജീവിതത്തിലേക്ക് തിരികെ വന്ന അത്യത്ഭുതകരമായ അനുഭവവും അച്ചനുണ്ടായിട്ടുണ്ട്. നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്ന് വിശേഷിപ്പിക്കാവുന്ന ആ അനുഭവം സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അതിരുകള്‍ പോലും അച്ചന് മായ്ച്ചുകൊടുത്തു. ഭൂമിയില്‍ ഇനിയും ഏറെ ചെയ്യാനുള്ളതുകൊണ്ടാവാം അനേകരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കി ദൈവം അച്ചനെ ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നത്.

ഗിലന്‍ബാരി എന്ന അസുഖം ബാധിച്ച് മൂന്നുവര്‍ഷത്തോളം അച്ചന്റെ ജീവിതം വീല്‍ച്ചെയറിലുമായിരുന്നു. പക്ഷേ മറ്റൊരു അത്ഭുതത്തിന്റെ ശക്തിയാല്‍ അച്ചന്‍ എണീറ്റ് നടന്നു, അടുത്തയിടെയായിരുന്നു ആ സംഭവം.ഗിലന്‍ബാരി ബാധിതനായ പ്രായമുള്ള ഒരാള്‍എണീറ്റ് നടക്കുന്നത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. അവിടെയും ദൈവത്തിന്റെ അത്ഭുതകരമായ കരമാണ് അച്ചനെരക്ഷിച്ചത്.

ഇപ്പോഴും പ്രായത്തിന്റെ അവശതകളുള്ളതിനാല്‍  വീല്‍ച്ചെയറിലും വടിയിലുമൊക്കെയാണ് അച്ചന്റെ ഓരോ ദിനരാത്രങ്ങളും കടന്നുപോകുന്നത്. ഇതൊക്കെ അച്ചനെ സംബന്ധിച്ച പൊതുവായി എല്ലാവര്‍ക്കും അറിവുള്ളതാണെങ്കിലും അധികമാരും അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യമുണ്ട് മഞ്ഞാക്കലച്ചന്‍ പഞ്ചക്ഷതധാരിയാണെന്ന്. അത് സമ്മതിച്ചുതരാന്‍ അച്ചന്റെ എളിമ ഒരിക്കലും സമ്മതിക്കില്ലെങ്കിലും.

റവ ഡോ. ജേക്കബ് പറപ്പള്ളില്‍ എംഎസ്എഫ്എസിന്റെ അടുത്തയിടെയുള്ള ഫേസ്ബുക്ക് കുറിപ്പുവഴിയാണ് മറ്റുള്ളവര്‍ മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതങ്ങളെക്കുറിച്ച്  ആദ്യമായി അറിയുന്നത്. അതിരമ്പുഴ കാരിസ് ഭവനില്‍ വച്ച് പഞ്ചക്ഷതമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന പലരും ഇതിന് സാക്ഷികളാകുകയും ചിത്രങ്ങള്‍ പകര്‍ത്തി സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.

1993 മുതല്‍ മഞ്ഞാക്കലച്ചന്റെ ശരീരത്തില്‍  വെള്ളിയാഴ്ചകളില്‍പഞ്ചക്ഷതമുറിവുകളും കഠിനവേദനയും അനുഭവപ്പെട്ടിരുന്നു. കൈകാലുകളിലും നെഞ്ചിലുമായിരുന്നു പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.. ആദ്യവെള്ളിയാഴ്ചകളിലും കര്‍ത്താവിന്റെ തിരുനാള്‍ ദിവസങ്ങളിലും അത് കൂടുതലാവുകയും ചെയ്തിരുുന്നു.

2012 ഡിസംബര്‍ 21 വരെ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും ഈശോയുടെ തിരുനാള്‍ ദിവസങ്ങളിലും ഇതുപോലെ സംഭവിച്ചിരുന്നു. 2012 ഡിസംബര്‍ 21 നായിരുന്നുഗില്ലന്‍ ബാരി അച്ചനെ പിടികൂടിയതും അച്ചനെ കിടക്കയിലാക്കിയതും. 18 ദിവസംകോമയില്‍. കിടന്നു. ആറു മാസം വെന്റിലേറ്ററിലും. ഇക്കാലയളവില്‍ മാത്രം പഞ്ചക്ഷതങ്ങള്‍ അച്ചനെ വിട്ടുപോയി.മൂന്നുവര്‍ഷക്കാലത്തേക്ക് അച്ചന്റെ ശരീരത്തില്‍ മുറിവുകളില്ലായിരുന്നു.

എന്നാല്‍ 2015 ല്‍  വീണ്ടും ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.മുന്നുറു മില്ലി മുതല്‍ അര ലിറ്റര്‍ വരെ രക്തം ആണ് അച്ചന്റെ ശരീരത്തില്‍ നിന്ന് അത്തരം ദിവസങ്ങളില്‍ പ്രവഹിക്കുന്നത്.  

2018  ലെ നാല്പതാം വെള്ളിയാഴ്ച സഭാനേതാക്കന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍  മറ്റൊരു  അനുഭവവും അച്ചനുണ്ടായി. ക്രിസ്തു കുരിശുമരണത്തില്‍ അനുഭവിച്ച വേദന ശരീരത്തില്‍ അനുഭവിക്കാനും കയറില്‍ ബന്ധിതനായ ഈശോയെ കാണാനും കഴിഞ്ഞതായിരുന്നു അത്. അത്രമേല്‍ ഹൃദയം നടുക്കിയ ആ കാഴ്ചകണ്ട് അച്ചന്‍   മൈ ജീസസ് എന്ന് അലറിവിളിച്ചു.

ജര്‍മ്മനിയില്‍ ഒരു ഡോക്ടറിന്റെ വീട്ടില്‍ അതിഥിയായി കഴിയുകയായിരുന്നു അച്ചന്‍ അപ്പോള്‍. അച്ചന്റെ നിലവിളികേട്ട് ഡോക്ടറുള്‍പ്പടെ പലരും ഓടിയെത്തി. അച്ചന്റെ വലതുതോളിന് അപ്പോള്‍ സഹിക്കാനാവാത്ത വേദന വന്നു. സ്ഥിരമായി അച്ചന് വലതുതോളിന് വേദനയുണ്ടായിരുന്നുവെങ്കിലും അച്ചന്‍ അക്കാര്യം ആരോടും പങ്കുവച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എല്ലാവരും കൂടി നിര്‍ബന്ധിച്ച് അച്ചനെ ആശുപത്രിയിലെത്തിക്കുകയും സ്‌കാനിംങിന് വിധേയനാക്കുകയും ചെയ്തു. സ്‌കാനിങില്‍  കണ്ട കാര്യം ഞെട്ടിക്കുന്നതായിരുന്നു. .

വലതു തോളില്‍ കശേരുക്കള്‍ പിണഞ്ഞ് ഞെരിഞ്ഞിരിക്കുന്നു. വെയ്റ്റ് എടുക്കുന്നവര്‍ക്ക് മാത്രമേ ഇങ്ങനെ ശരീരത്തില്‍ സംഭവിക്കുകയുള്ളൂവെന്ന് അറിയാമായിരുന്ന ഡോക്ടര്‍ അക്കാര്യം അച്ചനോട് ചോദിച്ചുവെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ മഞ്ഞാക്കലച്ചന്‍ തയ്യാറായില്ല. ആരോടും ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താതിരിക്കാനാണ് അച്ചന്‍ ആഗ്രഹിക്കുന്നത്.പിണഞ്ഞ് ഞെരിഞ്ഞിരുന്ന കശേരുക്കള്‍ പിന്നീട് ഓപ്പറേഷനിലൂടെ ഭേദപ്പെടുത്തി.

എങ്കിലും ഫാ. മാത്യുനായ്ക്കം പറമ്പില്‍, ഫാ, സോജി ഓലിക്കല്‍ എന്നിവരെ പോലെയുള്ളവര്‍ മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ട്. എന്നാല്‍ തന്റെ പഞ്ചക്ഷതങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നത് ജെയംസിച്ചന്‍ നിഷേധിക്കുന്നു.

ഞാന്‍ വിശുദ്ധനല്ല ഈ ലോകത്തിലെ പാപികളില്‍ ഒന്നാമനാണ് .ഇതാണ് അച്ചന്റെ നിലപാട്. സഭയുടെ വിശുദ്ധീകരണത്തിന് വേണ്ടി ദൈവം എനിക്ക് നല്കിയ ദാനമാണ് ഈ മുറിവുകളും വേദനയും. ഇതൊരിക്കലും പഞ്ചക്ഷതമല്ല. പഞ്ചക്ഷതമൊക്കെ പാദ്രെപിയോയെ പോലെയുള്ള വിശുദ്ധര്‍ക്ക് ദൈവം നല്കുന്നതാണ്. അതിന് ഞാന്‍ വിശുദ്ധനല്ലല്ലോ. അതുകൊണ്ട് ഞാനിത് സഹിക്കണം.  എന്റെ ശരീരത്തിലെ എല്ലാവേദനകളും സഭയുടെ വിശുദ്ധീകരണത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു.  ഇങ്ങനെയൊരു കാഴ്ചപ്പാടാണ് അച്ചന് ഇതേക്കുറിച്ചുള്ളത്. 

വചനത്തിന്റെ തീക്ഷ്ണതയാല്‍ ഭൂഖണ്ഡങ്ങള്‍ തോറും സഞ്ചരിക്കുന്ന മഞ്ഞാക്കലച്ചന് മരിയന്‍പത്രത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
6 Comments
  1. Joshy says

    Manjakkal achan ബാംഗ്ലൂർ ayirunnapozhum undaittunde. Caris bhavanil ആയിരുന്ന അത് kalahattathil Achane തട്ടിക്കൊണ്ടു പോയ സംഭവവും ഉണ്ടായിട്ടുണ്ട്

  2. Dr. Sr. Synda says

    God loves you so much to pick you, father as Abba’s beloved Son, to suffer and die for the world just as Jesus did
    Remind Jesus about this His child who is on the way a pilgrimage to heaven.

  3. അജിത് says

    അതിരമ്പുഴ കാരിസ്ഭവനിൽ നിന്നും ചില യൂദാസ് മക്കൾ പ്രസംഗത്തിന് എന്ന് പറഞ്ഞു തട്ടിക്കൊണ്ടുപോയി കക്കൂസിൽ ഇട്ടു പൂട്ടുകയും ഉപദ്രവിക്കുകയും മലിന ജലം കുടിപ്പിക്കുകയും ഒരാഴ്ച്ച ക്ക് ശേഷം വിടുകയും ചെയ്തു. അവരോടു ക്ഷമിച്ച അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ദൈവം കൂടെ ഉണ്ടായിരിക്കട്ടെ.

  4. അജിത് says

    അതിരമ്പുഴ കാരിസ് ഭവനിൽ നിന്നും പ്രസംഗത്തിന് എന്ന് പറഞ്ഞു ചില യൂദാസ് മക്കൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും തടവിലാക്കുകയും മലിന ജലം കുടിപ്പിക്കുകയും ചെയ്തു. പിന്നെ ഒരാഴ്ച ക്ക് ശേഷം പുറത്തു വിട്ടു. അവരോട് ക്ഷമിച്ച അദ്ദേഹത്തിന്റെ ജനസേവനങ്ങൾക്ക് ദൈവം കൂട്ടായിരിക്കട്ട.

  5. മനോജ് says

    ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കലച്ചൻ ഈ കാലഘട്ടത്തിലെ ഒരു പ്രവാചകനാണ്. മുഖം നോട്ടമില്ലാതെ ദൈവിക സന്ദേശങ്ങൾ പ്രസംഗിക്കുന്നതിനാൽ കേരള സഭയിലെ പല നിയമജ്ഞർക്കും ഫരിസേയർക്കും അച്ചനെ അത്ര പിടിക്കുന്നില്ല. പക്ഷെ, അച്ചനതൊന്നും വിഷയമല്ല – ജീവിച്ചാലും മരിച്ചാലും യേശുവിനുവേണ്ടി മാത്രം എന്നതാണ് അച്ചന്റെ ആപ്തവാക്യം…

  6. Yakoob says

    ഇത് എന്തെങ്കിലും അസുഖമായിരിക്കും. കര്‍ത്താവിന്റെ കഷതങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ല. കര്‍ത്താവിന് നെഞ്ചില്‍ ക്ഷതമുള്ളതായി ബൈബിളില്‍ പറയുന്നില്ല. വിശ്വാസികള്‍ക്ക് പഞ്ചകഷതമുണ്ടാകുമെന്നും ബൈബിളിലില്ല. അച്ചനെക്കാള്‍ വിശുദ്ധന്മാരായിരുന്ന പത്രോസിനും പൗലോസിനുമൊന്നും പഞ്ചക്ഷതമില്ലായിരുന്നല്ലോ?

Leave A Reply

Your email address will not be published.