അമ്മയായ മറിയത്തോടൊപ്പം യേശുവിനെ ആരാധിച്ച മൂന്നുരാജാക്കന്മാരെയാണ് നാം തിരുവചനത്തില്‍ കാണുന്നത്. അതിന് പകരമായി അമ്മയായ മറിയത്തെ തള്ളിമാറ്റി അപ്രസക്തമാക്കിക്കൊണ്ടല്ല മൂന്നു രാജാക്കന്മാര് യേശുവിനെ ആരാധിച്ചത്. മാതാവിനെ മുട്ടത്തോടായി പരിഗണിക്കുന്നവര്‍ ഇക്കാര്യം അറിയുന്നത് നല്ലതായിരിക്കും.
പൊന്ന് മീറ കുന്തിരിക്കം എന്നീ കാഴ്ചദ്രവ്യങ്ങളുമായിട്ടാണ് രാജാക്കന്മാര് എത്തിയത്. പൊന്ന് രാജത്വത്തെയും കുന്തിരിക്കം പൗരോഹിത്യത്തെയും മീറ പ്രവാചകത്വത്തെയും സൂചിപ്പിക്കുന്നു. യേശുവിന്റെ മൂന്ന് ദൗത്യങ്ങള്‍ ആണ് ഇത് വ്യക്തമാക്കുന്നത്. ഈശോ രാജാവാണ് , പ്രവാചകനാണ്, പുരോഹിതനാണ്. എന്തിനാണ് രാജാക്കന്മാര് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചത്? ഇവിടെ ദൈവത്തിന്റെ പരിപാലനയാണ് വ്യക്തമാകുന്നത്. ഈശോയെ ദൈവാലയത്തില്‍ കാഴ്ചവച്ച സമയത്ത് യൗസേപ്പിതാവ് നല്‍കിയത് രണ്ടു പ്രാവുകളെയായിരുന്നു. സാധാരണയായി ആടുമാടുകളെയാണ് ഈ സമയത്ത് ദൈവാലയത്തിന് നല്‍കുന്നത്.
എന്നാല്‍ യൗസേപ്പിതാവ് നല്‍കിയത് പ്രാവുകളെയായിരുന്നു. ഇത് വ്യക്തമാക്കുന്നത് ആ നാട്ടിലെ ഏറ്റവും ദരിദ്രനായിരുന്നു യൗസേപ്പിതാവ് എന്നായിരുന്നു. ഹേറോദോസ് ഉണ്ണീശോയെ കൊല്ലാന്‍ ആളയച്ചു എന്ന് കേട്ട് യൗസേപ്പിതാവും മാതാവും ഉണ്ണീശോയെയും കൊണ്ട് ബദ്ലഹേമില്‍ നിന്ന് ഈജിപ്തിലേക്ക് പലായനം ചെയ്തതായും നമുക്കറിയാം.
569 കിലോമീറ്ററുകളാണ് അവര്‍ യാത്രചെയ്തത്. അന്യനാട്ടില്‍ ചെല്ലുമ്പോള്‍, വര്‍ഷങ്ങളോളം ജീവിക്കേണ്ടിവരുമ്പോള്‍ പണം ആവശ്യമാണല്ലോ. ആ സമയത്തെ ആവശ്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാനായിട്ടാണ് ദൈവം രാജാക്കന്മാര് വഴി പൊന്നും മറ്റും കൊടുത്തുവിട്ടത്. ഇവിടെ ദൈവത്തിന്റെ പരിപാലനയാണ് നാം കാണുന്നത്. നമ്മള് കാണുന്ന കാഴ്ചയല്ല ദൈവം കാണുന്നത്.
അറിയാന്മേലാത്ത ഒരുരാജ്യത്ത് ചെല്ലുമ്പോള്‍ അവിടെ അതിജീവിക്കാനായി നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെന്ന് ദൈവത്തിന് അറിയാം. ദൈവം അത് നേരത്തെ കരുതിയിട്ടുണ്ട്. കര്ത്താവിന് നിന്നെക്കുറിച്ച് നിന്റെ മക്കളെക്കുറിച്ച് ഭാവിയെക്കുറിച്ച് നിനക്കില്ലാത്ത ഒരു ഭാരമുണ്ട്. അത് നീയറിയണം.
മക്കളുടെ കല്യാണം നടക്കുന്നില്ല, വീട്ടിലെ കാര്യങ്ങള്‍ നടക്കുന്നില്ല എന്നെല്ലാം പറഞ്ഞ് നമ്മള് ടെന്‍ഷനടിക്കുമ്പോള്‍ നീയൊരു കാര്യം അറിയണം ദൈവം എല്ലാം കരുതിയിട്ടുണ്ട്. നമ്മുടെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് നമുക്കാവശ്യമുളളതെല്ലാം യേശുക്രിസ്തുവഴി നല്‍കും. നമുക്ക് അത്യാവശ്യത്തിനുള്ളത്, ആവശ്യത്തിനുള്ളതെല്ലാം ദൈവം നല്‍കും. അക്കാര്യത്തില്‍ സംശയം വേണ്ട. കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദാരിദ്ര്യം ചോദിക്കരുത്.
എനിക്ക് ചെറിയ വീട്.. അങ്ങനെയൊന്നും പ്രാര്‍ത്ഥിക്കരുത്. അത്യാവശ്യം സൗകര്യമുളള വീട്. അതായിരിക്കണം ചോദിക്കേണ്ടത്. ഭിക്ഷക്കാരെ പോലെ നടക്കരുത്. ദൈവമക്കള് ഡീസന്റായി നടക്കണം. കീറിപ്പറിഞ്ഞുനടക്കരുത്. നിനക്ക് ജോലിയില്ലേ, നീ ഇപ്പോള്‍ ചോദിക്കണം.
ദൈവത്തിന് തന്റെ മകന് സ്വര്‍ണ്ണം കൊണ്ടുവന്നുകൊടുക്കാന്‍ അറിയാമായിരുന്നുവെങ്കില്‍ നിന്റെ മകളുടെ കല്യാണത്തിന് സ്വര്‍ണ്ണം കൊണ്ടുവന്നുകൊടുക്കാന്‍ ആ ദൈവത്തിന് അറിയാം. നമ്മള് വചനം പറഞ്ഞാണ് ദൈവത്തോട് ആവശ്യം ചോദിക്കേണ്ടത്. അപ്പോള്‍ ദൈവത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
അത്യാവശ്യകാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ തന്നെ ചോദിക്കുക. അത്യാഗ്രഹത്തിനല്ലാതെ ആവശ്യത്തിനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ചോദിച്ചുകൊള്ളുക. വചനത്തിന്റെ പേരില്‍ ചോദിച്ചു അനുഗ്രഹം പ്രാപിക്കുക.ദൈവത്തിന് അപ്പോള്‍ നമ്മുടെ കാര്യങ്ങള്‍ നിഷേധിക്കാനാവില്ല.